അഗർത്തല : ത്രിപുരയിൽ 60 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 81.10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് നാല് മണിയോടെയാണ് അവസാനിച്ചത്. 3337 കേന്ദ്രങ്ങളിലാണ് പോളിംഗ് നടന്നത്. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘർഷമുണ്ടായെങ്കിലും പരമാവധി വോട്ടർമാർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
60 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 259 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം ഈ വർഷം 28.14 ലക്ഷം വോട്ടർമാരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 14,15,233 പുരുഷന്മാരും 13,99,289 സ്ത്രീകളും 62 ട്രാൻസ്‌ജെൻഡർമാരുമാണുള്ളത്.
40-45 ഓളം സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായെങ്കിലും എല്ലാ മെഷീനുകളും മാറ്റി വോട്ടെടുപ്പ് പുനരാരംഭിച്ചു. ആവശ്യമുള്ളിടത്തെല്ലാം അധിക സേനയെ അയച്ചിരുന്നു. വോട്ടെടുപ്പിനിടെയുണ്ടായ വ്യത്യസ്ത അക്രമസംഭവങ്ങളിൽ ഒരു സി.പി.ഐ.എം നേതാവിനും ഇടതുപാർട്ടിയുടെ രണ്ട് പോളിങ് ഏജന്റുമാർക്കും ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഫെബ്രുവരി 15 വരെ പണം, മദ്യം, മയക്കുമരുന്ന്, ഉൾപ്പെടെ 147 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. മാർച്ച് 2 നാണ് വോട്ടെണ്ണൽ നടക്കുന്നത്.








