ചെന്നൈ: തന്റെ മകന്റെ ഘാതകർക്ക് വധശിക്ഷ നൽകണമെന്ന് ഡിഎംകെ കൗൺസിലറും സംഘവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സൈനികന്റെ പിതാവ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തങ്ങളെ വന്ന് കാണണമെന്ന് കൊല്ലപ്പെട്ട സൈനികൻ പ്രഭുവിന്റെ പിതാവ് മാദയ്യ പറഞ്ഞു. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ മകൻ പ്രഭുവിന് കേവലം 28 വയസ്സുമാത്രമാണ് പ്രായം. പറക്കമുറ്റാത്ത രണ്ട് കുട്ടികൾ ഉണ്ട്. അവരുടെ ഭാവി ഇനി എന്താകും?. കുറ്റക്കാരായ ഒൻപത് പ്രതികളെയും ശിക്ഷിക്കണം. ആരെയും വെറുതെ വിടരുത്. അവർക്ക് വധശിക്ഷ നൽകണമെന്നും മാദയ്യ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്റെ കുടുംബത്തെ കാണണമെന്ന് പ്രഭുവിന്റെ ഭാര്യ പുനിത പ്രഭു പറഞ്ഞു. 23 വയസ്സുള്ള തന്നെ ഒരു വിധവയാക്കി. രണ്ട് മക്കളെ അനാധരാക്കിയെന്നും പുനിത പ്രതികരിച്ചു.
ഈ മാസം എട്ടിനായിരുന്നു പ്രഭു കൊല്ലപ്പെട്ടത്. പൊതുടാങ്കിൽ നിന്നും വെള്ളം എടുത്ത് വസ്ത്രം കഴുകിയത് ആയിരുന്നു ഡിഎംകെ കൗൺസിലർ ചിന്നസ്വാമിയെ ചൊടിപ്പിച്ചത്. ഇത് കണ്ട ചിന്നസ്വാമി വസ്ത്രം കഴുകരുതെന്ന് പ്രഭുവിനെ ചട്ടം കെട്ടി. എന്നാൽ വസ്ത്രം കഴുകുമെന്ന് പ്രഭു തറപ്പിച്ച് പറയുകയായിരുന്നു. അന്ന് വൈകീട്ട് ഡിഎംകെ നേതാക്കളുടെ സംഘം എത്തി പ്രഭുവിനെയും സഹോദരനെയും മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭു ചികിത്സയിലിരിക്കെ മരിച്ചു.
Discussion about this post