ന്യൂഡൽഹി: ഡൽഹിയിലേയും മുംബൈയിലേയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തി വന്ന സർവ്വേ അവസാനിച്ചു. 60 മണിക്കൂറോളം നീണ്ട സർവ്വേ ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ഓഫീസുകളിൽ നിന്ന് ചില നിർണായക രേഖകൾ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ബിബിസി നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെടുത്തു.
ബിബിസിയിൽ ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ജീവനക്കാർക്ക് പുറത്ത് പോയി ജോലി ചെയ്യുന്നതിന് തടസ്സം ഉണ്ടാക്കിയിട്ടില്ല. നടപടികൾക്കിടെ ആരുടേയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല.
മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയിരുന്നുവെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിംഗ് നടത്തിയത്. പരിശോധിച്ച ശേഷം ഇവ ജീവനക്കാർക്ക് തന്നെ തിരികെ നൽകി. ചൊവ്വാഴ്ചയാണ് ഡൽഹിയിലേയും മുംബൈയിലേയും ബിബിസി ഓഫീസുകളിൽ സർവേ ആരംഭിച്ചത്.
Discussion about this post