മസ്‌കറ്റ്: പ്രവാസികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ മിനിമം വേതന വ്യവസ്ഥയില്‍ ഇളവുമായി ഒമാന്‍. ഫാമിലി വിസയ്ക്ക് ആവശ്യമായ മിനിമം വേതനം 50 ശതമാനത്തിലേറെ വെട്ടിക്കുറച്ചതായി റോയല്‍ ഒമാന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനം.
150 ഒമാന്‍ റിയാല്‍ വരുമാനമുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാനാകുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നേരത്തെ കുറഞ്ഞത് 350 റിയാല്‍ വരുമാനമുണ്ടെങ്കിലേ പ്രവാസികള്‍ക്ക് ഫാമിലി വിസ ലഭിക്കുമായിരുന്നുള്ളു. പുതിയ തീരുമാനമനുസരിച്ച് പ്രതിമാസം 150 റിയാലില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ആശ്രിത വിസയില്‍ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാനാകും.
സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒമാന്‍ നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനം. കുടുംബം ഒപ്പമുണ്ടാകുമ്പോള്‍ പ്രവാസികള്‍ സ്വദേശത്തേക്ക് പണമയക്കുന്നത് കുറയുകയും ഒമാനില്‍ പണം ചിലവഴിക്കുന്നത് വര്‍ധിക്കുകയും ചെയ്യും. ഒമാന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല.
2011ലാണ് ഒമാന്‍ ഫാമിലി വിസയ്ക്ക് വേതന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. ഒമാനിലെ 4,975,562 വരുന്ന ജനസംഖ്യയില്‍ 42.21 ശതമാനവും പ്രവാസികളാണ്.
Discussion about this post