കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പോലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. താലിബാൻ എന്നെങ്കിലും പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന് തസ്ലീമ പറയുന്നു. ഇന്നലെ നടന്ന ആക്രമണത്തിൽ അഞ്ച് തീവ്രവാദികളും നാല് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തസ്ലീമ ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.
” ഐഎസിന്റെ ആവശ്യമൊന്നുമില്ല. പാകിസ്താനെ ഭീകര രാഷ്ട്രമാക്കാൻ പാകിസ്താനി താലിബാൻ തന്നെ ധാരാളമാണ്. താലിബാൻ ഏതെങ്കിലും കാലത്ത് പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ അതിലും അതിശയിക്കാനൊന്നുമില്ല” തസ്ലീമ പറയുന്നു.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ പാകിസ്താന്റെ വടക്ക് പടിഞ്ഞാറൻ മേഖല വഴിയുള്ള തീവ്രവാദം ശക്തമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാൻ താലിബാനുമായി സമാന ആശയം പുലർത്തുന്നവരാണ് പാകിസ്താനിലെ തെഹ്രീക് ഇ താലിബാൻ. ഇക്കഴിഞ്ഞ ജനുവരിയിൽ പോലീസ് കോമ്പൗണ്ടിനുള്ളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 80ലധികം ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. പാക് താലിബാനാണ് ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഇന്നലെ പാകിസ്താനിൽ നടന്ന ആക്രമണത്തിൽ പത്തോളം ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പ്രധാന കോമ്പൗണ്ടിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടത്തിയതിന് ശേഷമാണ് ഭീകരർ അഞ്ച് നിലയുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. സംഭവ സമയം മുപ്പതോളം ഉദ്യോഗസ്ഥരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ നവംബറിൽ സർക്കാരുമായുള്ള വെടിനിർത്തൽ പാക് താലിബാൻ അവസാനിപ്പിച്ചതിന് പിന്നാലൊണ് രാജ്യത്ത് ഭീകരാക്രമണം ശക്തമായത്.
Discussion about this post