ന്യൂഡൽഹി : മസ്ജിദും, ദർഗയും ഉൾപ്പെടെയുള്ള വഖഫ് ബോർഡിന്റെ 123 സ്വത്തുക്കൾ തിരിച്ചെടുത്ത് കേന്ദ്ര സർക്കാർ. ഇനി ഇവ വഖഫ് ബോർഡിന്റെ സ്വത്തുക്കളായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം അറിയിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് ഈ സ്വത്തുക്കൾ ഡൽഹി വഖഫ് ബോർഡിന് നൽകിയത്. വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയെ തുടർന്നാണ് കോടതി നടപടി.
ഡൽഹി വഖഫ് ബോർഡിന് കേസിൽ വാദം ഉന്നയിക്കാൻ അവസരം നൽകിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ അത് നടപ്പാക്കിയില്ല. ഇതിന്റെ ഫലമായി 123 വസ്തുവകകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും ബോർഡിനെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയിലെ മുൻ ജഡ്ജിയും വിരമിച്ച എസ്ഡിഎമ്മും അടങ്ങുന്ന 2 അംഗ സമിതി വ്യക്തമാക്കി.
2014 ലാണ് 123 വസ്തുക്കൾ അന്നത്തെ യുപിഎ സർക്കാർ വഖഫ് ബോർഡിന് കൈമാറിയത്. തുടർന്ന് ഇന്ദ്രപ്രസ്ഥ വിശ്വഹിന്ദു പരിഷത്ത് സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ അതേ വർഷം തന്നെ ഡൽഹി കോടതി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാവരുടെയും പരാതികൾ കേട്ട് തീരുമാനമെടുക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
രണ്ട് വർഷത്തിന് ശേഷം 2016-ൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രം ഒരു അംഗ സമിതി രൂപീകരിച്ചു. 2017ൽ റിപ്പോർട്ട് സമർപ്പിച്ചു. 2017ൽ ഖബ്രിസ്ഥാൻ ഖദീം ഐടിബിപിക്ക് കൈമാറിയെന്ന് ഡൽഹി ഹൈക്കോടതി ഫെബ്രുവരി 10നാണ് കണ്ടെത്തിയത്.
2018 ഓഗസ്റ്റിൽ, 123 സ്വത്തുക്കളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്രം 2 അംഗ കമ്മിറ്റി രൂപീകരിച്ചു. നിശ്ചിത സമയത്തിനുള്ളിൽ രണ്ടംഗ കമ്മിറ്റി നൽകിയ പൊതു അറിയിപ്പിന് ഡൽഹി വഖഫ് ബോർഡ് എതിർപ്പൊന്നും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സ്വത്തുക്കൾ വഖഫ് ബോർഡിന്റെ സ്വത്താണെന്ന് തെളിയിക്കാൻ ബോർഡിന് മറ്റൊരു അവസരവും നൽകിയിരുന്നു.
എന്നാൽ ബോർഡിന് ഈ സ്വത്തുക്കളിൽ താൽപ്പര്യമോ എതിർപ്പുകളോ ഇല്ലെന്ന് കമ്മിറ്റിക്ക് വ്യക്തമായി. അതിനാൽ 123 സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും ഡൽഹി വഖഫ് ബോർഡിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ എതിർത്തുകൊണ്ട് എഎപി നേതാവും ഡൽഹി വഖഫ് ബോർഡ് നേതാവുമായ അമനത്തുള്ള ഖാൻ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post