പട്‌ന : ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാൻ കോൺഗ്രസിനെ ക്ഷണിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ ഇല്ലാതാക്കാൻ സാധിക്കൂ എന്ന് നിതീഷ് കുമാർ പറഞ്ഞു. സിപിഐഎമ്മിന്റെ 11-ാം ജനറൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.
തന്റെ നിർദ്ദേശം സ്വീകരിച്ച് ഒരുമിച്ച് പോരാടുകയാണെങ്കിൽ, ബിജെപിയുടെ സീറ്റുകൾ തീർച്ചയായും 100 താഴെ പോകും. എന്നാൽ ഈ നിർദ്ദേശം കണക്കിലെടുത്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് തന്നെ അറിയാം. ഇക്കാര്യത്തിൽ കോൺഗ്രസ് പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും നിതീഷ് കുമാർ പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ബീഹാർ മുഖ്യമന്ത്രി പറഞ്ഞത്.
പ്രധാനമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത്തരത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർട്ടി നേതാവ് സൽമാൻ ഖുർഷിദും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ഗുജറാത്ത് മോഡലിനെക്കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ബീഹാർ മോഡലിനെക്കുറിച്ചാണ് രാജ്യമെമ്പാടും സംസാരിക്കേണ്ടത് എന്നും താൻ അതിനെക്കുറിച്ച് എല്ലായിടത്തുമെത്തി പ്രസംഗിക്കുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
Discussion about this post