മുംബൈ; പാർട്ടി ചിഹ്നം നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. പരിശുദ്ധമായ അമ്പും വില്ലും കളളൻമാർ മോഷ്ടിച്ചുവെന്ന് ആയിരുന്നു ഉദ്ധവിന്റെ പരാമർശം. മോഷ്ടിച്ച അമ്പും വില്ലും ഞങ്ങളുടെ മുൻപിൽ വെയ്ക്കാൻ അവരെ വെല്ലുവിളിക്കുകയാണെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മഹാരാഷ്ട്രയിലേക്ക് കടന്നുവരാൻ ബാലാസാഹെബ് താക്കറെയുടെ മുഖം ആവശ്യമാണെന്നും അതുകൊണ്ടാണ് ചിഹ്നവും പാർട്ടി പേരും തങ്ങൾക്ക് നഷ്ടമായതെന്നും ഉദ്ധവ് ആരോപിച്ചു. അവർക്ക് താക്കറെയുടെ മുഖം വേണം, തിരഞ്ഞെടുപ്പ് ചിഹ്നവും വേണം പക്ഷെ ശിവസേന കുടുംബത്തെ വേണ്ട ഉദ്ധവ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയാണെന്നും ഉദ്ധവ് ആരോപിച്ചു.
മാതോശ്രീയ്ക്ക് മുൻപിൽ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ. അനുയായികളോട് ഈ ഘട്ടത്തിൽ സംയമനം പാലിക്കാനും അടുത്ത തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ തുടങ്ങാനും ഉദ്ധവ് ആഹ്വാനം ചെയ്തു. ശിവസേനയുടെ ആദ്യ നാളുകളിൽ കാറിന്റെ മുകളിൽ കയറി നിന്ന് അനുയായികളെ അഭിസംബോധന ചെയ്യാറുണ്ടായിരുന്ന ബാൽ താക്കറെയെ അനുകരിച്ച് കാറിന്റെ സൺറൂഫിൽ നിന്നാണ് ഉദ്ധവും അനുയായികളോട് സംവദിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് അനുവദിച്ച് ഉത്തരവിട്ടത്. ഉദ്ധവ് വിഭാഗത്തിന് ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്ന പേരിൽ മത്സരിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
Discussion about this post