ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിലവിലെ ചാമ്പ്യൻമാരാണ് കേരളം. നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില (1-1) വഴങ്ങിയതാണ് കേരളത്തിന് പുറത്തേക്കുളള വഴി തെളിച്ചത്.
ലീഡ് ചെയ്ത ശേഷമാണ് കേരളം സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പ് എയിൽ കേരളം മൂന്നാം സ്ഥാനത്തായി. ഒഡീഷയ്‌ക്കെതിരെ കർണാടക സമനില പിടിച്ചതും കേരളത്തിന് തിരിച്ചടിയായി. ഒന്നും രണ്ടും സ്ഥാനക്കാരായി പഞ്ചാബും കർണാടകയും സെമിയിലെത്തുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു പഞ്ചാബിനെതിരെ നടന്നത്.
24 ാം മിനിറ്റിൽ വൈശാഖ് മോഹനിലൂടെ കേരളം മുൻപിലെത്തിയിരുന്നു. എന്നാൽ പത്ത് മിനിറ്റിന് ശേഷം രോഹിത് ഷെയ്ഖിലൂടെ പഞ്ചാബ് ഗോൾ മടക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഗോവയെയും കഴിഞ്ഞ മത്സരത്തിൽ ഒഡീഷയെയും മാത്രമാണ് കേരളത്തിന് തോൽപിക്കാൻ കഴിഞ്ഞത്. മഹാരാഷ്ട്രയ്‌ക്കെതിരെ സമനില വഴങ്ങിയ കേരളം കർണാടകയോട് തോൽക്കുകയും ചെയ്തിരുന്നു.
Discussion about this post