കണ്ണൂർ: ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിന് ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. പുലർച്ചെ 3.30നാണ് സംഘം മടങ്ങി എത്തിയത്. 27 പേരുമായി യാത്ര തിരിച്ച സംഘത്തിലെ 26 പേരാണ് മടങ്ങി എത്തിയിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ പേരട്ട കെ.പി.മുക്ക് കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.
ബിജുവിന് വേണ്ടി ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇസ്രയേൽ പോലീസിന് ഇയാളുടെ വിരലടയാളവും ലഭിച്ചിട്ടുണ്ട്. മെയ് എട്ട് വരെയാണ് ബിജുവിന്റെ വിസാ കാലാവധി.ഇതിനുള്ളിൽ കേരളത്തിലേക്ക് മടങ്ങിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകും. ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലിലേക്ക് യാത്ര തിരിക്കുന്നത്. 17ാം തിയതി ഇവർ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷമാണ് ബിജുവിനെ കാണാതാകുന്നത്.
പാസ്‌പോർട്ട് ഉൾപ്പെടെ ഉള്ള രേഖകൾ കൈവശം വച്ചത് ഇയാൾ മുങ്ങിയതാണെന്ന സംശയം ബലപ്പെടുത്തുന്നു. സംഘം വിവരം അറിയിച്ചതോടെ ഇസ്രയേൽ പോലീസും സ്ഥലത്തെത്തി. ബിജുവിന് അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടർനടപടികളെന്നും പി.പ്രസാദ് അറിയിച്ചു. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയ്ക്ക് വാട്‌സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരൻ ബെന്നി പറയുന്നു. പിന്നീട് ഇയാളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.












