രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള എസ്‌യുവിയാണ് മഹീന്ദ്രയുടെ താര്‍. രണ്ടാം തലമുറ മോഡല്‍ ഇറങ്ങിയത് മുതലാണ് താര്‍ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് യുവാക്കളുടെ സ്വപ്‌ന വാഹനമായി മാറിയത്. നിലവില്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ താര്‍ പുതിയ ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വാഹനം കയ്യില്‍ കിട്ടാനുള്ള കാത്തിരിപ്പ് സമയവും കൂടി. പ്രതാപത്തിന് ഒട്ടും കുറവില്ലായിരുന്നെങ്കിലും പഴയ താറിന് ചില പോരായ്മകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നികത്തിയാണ് രണ്ടാം തലമുറ താര്‍ എത്തിയത്. ജനങ്ങള്‍ നെഞ്ചേറ്റിയ പുതിയ താറിന്റെ വിജയത്തിന് പിന്നില്‍ നിരവധി പേരുടെ ആത്മാര്‍പ്പണമുണ്ട്. എങ്കിലും ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരാളുണ്ട്. രാംകൃപ ആനന്ദന്‍ അഥവാ കൃപ ആനന്ദന്‍.
താര്‍ മാത്രമല്ല മഹീന്ദ്രയുടെ ജനങ്ങള്‍ ഏറ്റെടുത്ത എല്ലാ ഐതിഹാസിക മോഡലുകളിലും കൃപയുടെ കയ്യൊപ്പുണ്ട്. എസ്‌യുവി വിഭാഗത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മഹീന്ദ്രയെ സഹായിച്ചവരില്‍ പ്രധാനിയാണ്, ഓട്ടോമോട്ടീവ് രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളില്‍ ഒരാളായ കൃപ. നിലവില്‍ ഒല ഇലക്ട്രിക്കിന്റെ ഡിസൈന്‍ ഹെഡ് ആയ കൃപ മഹീന്ദ്ര താര്‍, മഹീന്ദ്ര എക്‌സ്‌യുവി 700, മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങി മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളുടെയെല്ലാം ചീഫ് ഡിസൈനറായിരുന്നു.
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുമാണ് കൃപ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുക്കുന്നത്. ശേഷം ഐഐടി മുംബൈയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1997ലാണ് കൃപ മഹീന്ദ്രയില്‍ ഇന്റീരിയര്‍ ഡിസൈനറായി കരിയര്‍ ആരംഭിക്കുന്നത്. 2005ല്‍ അവര്‍ മഹീന്ദ്രയുടെ ഡിസൈന്‍ ഹെഡ് ആയി. അക്കാലത്താണ് അവര്‍ മഹീന്ദ്രയുടെ എക്‌സ്‌യുവി 500 ഡിസൈന്‍ ചെയ്യുന്നത്. പത്ത് വര്‍ഷക്കാലം ആ ചുമതലയില്‍ ഇരുന്ന കൃപയ്ക്ക് പിന്നീട് ചീഫ് ഡിസൈനറായി സ്ഥാനക്കയറ്റം ലഭിച്ചു. അതോടെ മഹീന്ദ്രയ്ക്ക് സ്വന്തമായ ഐതിഹാസികമായ മൂന്ന് മോഡലുകളാണ്- എക്‌സ്‌യുവി 700,സ്‌കോര്‍പിയോ, താര്‍. മഹീന്ദ്ര എക്‌സ്‌യുവി 300ലൂടെ കോപാക്ട് എസ്‌യുവി വിഭാഗത്തിലും കൃപ വിസ്മയം തീര്‍ത്തു. 2019ല്‍ കൃപ മഹീന്ദ്രയിലെ ചീഫ് ഓഫ് ഡിസൈന്‍ ആയി. രണ്ടുവര്‍ഷക്കാലം ആ ചുമതലയില്‍ ഇരുന്ന ശേഷം അവര്‍ മഹീന്ദ്ര വിട്ട് സ്വന്തമായി KRUX Studio എ്ന്ന പേരില്‍ സ്വന്തമായി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ചു.
മൈക്രോ മൊബിലിറ്റി എന്ന ആശയത്തിലൂന്നി Two2 എന്ന വാഹനം കമ്പനി അവതരിപ്പിച്ചു. ഉപയോഗശൂന്യമായ ഭാഗങ്ങള്‍ പുനരുപയോഗിച്ച് കൊണ്ടായിരുന്നു ഇതിന്റെ രൂപകല്‍പ്പന. ഇപ്പോള്‍ ഒല ഇലക്ട്രിക്കിന്റെ ഹെഡ് ഓഫ് ഡിസൈന്‍ ആണ് കൃപ. അടുത്തുകാലത്ത് മാത്രം വാഹന നിര്‍മ്മാണ രംഗത്തേക്ക് എത്തിയിട്ടുള്ള ഒലയില്‍ ഇവി (ഇലക്ട്രിക് വാഹനം) വിഭാഗത്തില്‍ കൃപ മാജിക്ക് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യം. വരുംവര്‍ഷങ്ങളില്‍ തങ്ങളുടെ ഇലക്ട്രിക് കാറും ഇലക്ട്രിക് ബൈക്കും ഇറങ്ങുമെന്ന് ഒല സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post