മംഗലാപുരം : 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിലാണ് സംഭവം. രാവിലെ ജോലിക്ക് പോകുകയായിരുന്ന രഞ്ജിത (21) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേശ് റായിയും (55) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രഞ്ജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു രമേശ് റായി. ഇതോടെ രമേശിനെയും കാട്ടാന ആക്രമിച്ചു. രമേശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രഞ്ജിത മരിച്ചത്.
രഞ്ജിതയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സഹോദരിക്ക് ജോലി നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. മേഖലയിൽ കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ശ്രീകുമാർ ഉറപ്പുനൽകി.
Discussion about this post