കൊച്ചി: ആയിരം കോടി രൂപ വിലവരുന്ന ദേവസ്വം ഭൂമി വീണ്ടെടുക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി 72കാരനായ ബാബു സുരേഷ്. കഴിഞ്ഞ നാല് വർഷമായി ദേവസ്വത്തിലേക്ക് ഈ ഭൂമി തിരിച്ചു പിടിക്കാൻ ബാബു സുരേഷ് വലിയ പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പള്ളുരുത്തി അഴകിയകാവ് ഭഗവതിക്ഷേത്രത്തിന് 45 ഏക്കറോളം ഭൂമിയാണ് പഴയ ദേശീയപാതയോരത്തായി ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഇത് 9.45 ഏക്കറായി ചുരുങ്ങിയിരിക്കുകയാണ്. സെന്റിന് മാത്രം 20-25 ലക്ഷം വരെ വിലയുള്ള സ്ഥലമാണ് ഇവിടം.
44 വർഷത്തെ പ്രവാസജീവിതം കഴിഞ്ഞ് എത്തിയതിന് ശേഷമാണ് ബാബു സുരേഷ് ക്ഷേത്രഭൂമിയുടെ സംരക്ഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. നാല് വർഷത്തിനിടെ 18 കേസുകളാണ് ഈ ഭൂമിയുടെ പേരിലുള്ള തർക്കത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. 10 ലക്ഷത്തോളം രൂപ ബാബു സുരേഷ് സ്വന്തം കയ്യിൽ നിന്ന് എടുത്ത് ചെലവാക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പേരിലുള്ള ക്ഷേത്രമാണെങ്കിലും കേസ് നടത്താനൊന്നും ക്ഷേത്ര ഭരണാധികാരികൾക്ക് താത്പര്യമില്ല. റവന്യു രേഖകളും ദേവസ്വത്തിന് അനുകൂലമാണ്. എന്നാൽ കേസ് നടത്തിപ്പിനോട് താത്പര്യമില്ല.
സന്ധ്യ കഴിയുന്നതോടെ ക്ഷേത്രമൈതാനം മദ്യപാനികളും മയക്കുമരുന്നുകാരും കയ്യടക്കും. ഇതിനെതിരെയാണ് ബാബു ആദ്യത്തെ കേസ് കൊടുത്തത്. ഇതോടെ മൂലസ്ഥാനത്തോട് ചേർന്നുള്ള ഭൂമി സംലക്ഷിക്കാൻ ഹൈക്കോടതി ഉത്തരവായി. പ്രദേശം കമ്പിവേലി കെട്ടി തിരിച്ചു. പക്ഷേ പിന്നീട് അങ്ങോട്ട് നിരന്തരം ഭീഷണി സന്ദേശങ്ങളാണ് ബാബുവിന് നേരിടേണ്ടി വന്നത്. തുടർന്ന് 10 പേരെ ചേർത്ത് ക്ഷേത്രഭൂമി സംരക്ഷണ സമിതിയുണ്ടാക്കി.
കൊച്ചി രാജാവിന്റെ അധീനതയിലായിരുന്ന ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്രത്തിന്റേതായിരുന്ന ഭൂമിയിലാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വില്ലേജ്, ബ്ലോക്ക് , കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസുകൾ, അഗതിമന്ദിരം തുടങ്ങിയവ പ്രവർത്തിക്കുന്ത്. റവന്യു ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചാണ് കൊച്ചി കോർപ്പറേഷൻ ഈ ഭൂമി കൈവശം വച്ചിരിക്കുന്നത്. ചില വ്യക്തികൾക്ക് പട്ടയവും നൽകിയിട്ടുണ്ട്. ക്ഷേത്രഭൂമി സംബന്ധിച്ച പുരാതന രേഖകളും റവന്യൂ രേഖകളും ബാബു സുരേഷിന്റെ കൈവശമുണ്ട്.
ഇതിനിടെ ക്ഷേത്ര ഭൂമിയിലൂടെ സ്വകാര്യ വ്യക്തികൾക്ക് വഴി നൽകാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ബാബു സുരേഷിന്റെ കേസ് കാരണം പിൻവലിച്ചു. ക്ഷേത്രത്തിന്റെ 9.45 ഏക്കർ ഭൂമിയിൽ 4.45 ഏക്കർ സബ് കളക്ടർ റവന്യൂ രേഖ തിരുത്തി റവന്യൂഭൂമിയാക്കിയതിനെതിരേയും ബാബു കോടതിയെ സമീപിച്ചു. ഇത് നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് 19ാമത്തെ കേസ് വൈകാതെ നൽകാനിരിക്കുകയാണ്.
ക്ഷേത്രമൈതാനത്തോട് ചേർന്ന് തന്നെയാണ് ബാബുവിന്റെ വീട്. ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ വീട് നിർമ്മിച്ച ശേം 2019ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തിയത്. നിലവിൽ ബാബുവും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. പെൺമക്കൾ രണ്ട് പേരും വിദേശത്താണ്.
Discussion about this post