ഹൈദരാബാദ്: വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി പഴയ ഫർണ്ണീച്ചറുകൾ നൽകിയെന്നാരോപിച്ച് കല്ല്യാണത്തിൽ നിന്ന് പിന്മാറി വരൻ. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ചയാണ് വിവാഹം നടക്കാനിരുന്നത്. എന്നാൽ ഡ്രൈവറായി ജോലി ചെയ്യുന്ന വരൻ വിവാഹ വേദിയിൽ എത്തിയില്ല. കാര്യം അന്വേഷിച്ച് വരന്റെ വീട്ടിലെത്തിയ തന്നോട് വരനും കുടുംബവും മോശമായി പെരുമാറിയെന്നും വധുവിന്റെ അച്ഛൻ ആരോപിക്കുന്നു.
” അവർ ചോദിച്ച സാധനങ്ങൾ ഞാൻ കൊടുത്തില്ലെന്നാണ് പറയുന്നത്. ഫർണ്ണീച്ചറുകൾ പഴയതാണെന്നും അവർ പറയുന്നു. അതും പറഞ്ഞാണ് അവർ വിവാഹത്തിന് വരാൻ വിസമ്മതിച്ചത്. ഞാൻ വിവാഹത്തിന്റെ വിരുന്ന് ഒരുക്കി. ബന്ധുക്കളേയും അതിഥികളേയും ക്ഷണിച്ചു, പക്ഷേ വരൻ മാത്രം വന്നില്ല” വധുവിന്റെ അച്ഛൻ പറയുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ വരനും വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.
വരന്റെ വീട്ടുകാർ പുതിയ സാധനങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. ഉപയോഗിച്ച ഫർണ്ണീച്ചറുകൾ സ്ത്രീധനമായി നൽകിയതാണ് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് പോലീസ് പറയുന്നു. സ്ത്രീധന നിരോധന നിയമപ്രകാരവും ഐപിസി വിവിധ വകുപ്പുകൾ പ്രകാരവുമാണ് വരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post