മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. വായിൽ ഒളിപ്പിച്ച് സ്വർണ ചെയിൻ കടത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ വിവിധ കേസുകളിലായാണ് സ്വർണം പിടികൂടിയത്. സ്വർണ നാണയങ്ങൾ, വിദേശ കറൻസികൾ, സ്വർണ മിശ്രിതം തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ദുബായിൽ നിന്നെത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദീൻ എന്നിവരാണ് വായ്ക്കുള്ളിൽ സ്വർണ ചെയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 140, 145 ഗ്രാം തൂക്കം വരുന്ന ചെയിനുകളാണ് ഇവർ വായ്ക്കുള്ളിൽ ഒളിപ്പിച്ചത്.
ഷാർജയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ ഇബ്രാഹിം മുഹമ്മദ് യാസിറിന്റെ പക്കൽ നിന്നാണ് 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങൾ പിടിച്ചെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് നാണയം കടത്താനായിരുന്നു ശ്രമം.
മറ്റൊരു കേസിൽ ദുബായിലേക്ക് പോകാനിരുന്ന മധുര സ്വദേശിയായ മുഹമ്മദ് യൂസഫ് എന്നയാളിൽ നിന്ന് വിദേശ കറൻസി പിടികൂടി. മതിയായ രേഖകളില്ലാതെ ഡോളർ കടത്താനായിരുന്നു ശ്രമം. 6000 അമേരിക്കൻ ഡോളറാണ് യൂസഫിൽ നിന്ന് പിടിച്ചെടുത്തത്. 4,83,600 രൂപ വില വരുന്നതാണ് ഇത്. രണ്ട് ദിവസം മുൻപ് 752 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തിരുന്നു. ഇതിന് 25.31 ലക്ഷം രൂപ വില വരും. എല്ലാ കേസുകളിലും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post