കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. ആദിവാസിയെന്ന കാരണത്താൽ മോഷ്ടാവെന്ന് സംശയിച്ച് സഞ്ചി പരിശോധിച്ചതും ജനമദ്ധ്യത്തിൽ അപമാനിച്ചതുമാണ് ആത്മഹത്യക്ക് കാരണമായതെന്ന് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നു. നിലവിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ അറിയിച്ചു.
വയനാട് കൽപ്പറ്റ സ്വദേശിയായ വിശ്വനാഥൻ, ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. എന്നാൽ ഇവിടെ വച്ച് ഒരു സംഘം വിശ്വനാഥനെ തടഞ്ഞ് നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. സുരക്ഷാ ജീവനക്കാർ ആരും തന്നെ വിശ്വനാഥന്റെ രക്ഷക്കെത്തിയില്ല. കടുത്ത മനപ്രയാസത്തിൽ ആശുപത്രിയിൽ നിന്നും രാത്രി ഇറങ്ങി പോയ വിശ്വനാഥനെ പിന്നീട് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ സുലഭമായിരിക്കെയാണ്, പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ട് പോലീസ് സമർപ്പിച്ചിരിക്കുന്നത് എന്നത് ദുരൂഹമാണ്. ആശുപത്രി പരിസരത്ത് ആളുകൾ കൂടി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വരികയും ചെയ്തിരുന്നു. ദൃശ്യങ്ങളിൽ പതിഞ്ഞ നൂറോളം പേരെ ചോദ്യം ചെയ്ത ശേഷം തുമ്പില്ലെന്ന് പറഞ്ഞ് പോലീസ് വിട്ടയക്കുകയായിരുന്നു.












