ന്യൂഡൽഹി: പാർട്ടി ചിഹ്നമായ അമ്പും വില്ലും ശിവസേന എന്ന പേരും നഷ്ടമായതിന്റെ നാണക്കേടിൽ നിൽക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി ലോക്സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർലമെന്റ് മന്ദിരത്തിലെ ശിവസേന ഓഫീസും ഇരിപ്പിടവും ഇനി ഏകനാഥ് ഷിൻഡെ പക്ഷത്തിന് നൽകാൻ ലോക്സഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ശിവസേന എന്ന് പേര് ഉപയോഗിക്കാനുള്ള ഔദ്യോഗികമായ അവകാശം തിരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡെ പക്ഷത്തിന് നൽകിയതിന് പിന്നാലെയാണ് ഇത്.
ശിവസേന എന്ന പേരും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഷിൻഡെ പക്ഷത്തിന് നൽകാൻ കഴിഞ്ഞയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതിനെതിരെ ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്.
പാർട്ടി നാമവും ചിഹ്നവും തങ്ങൾക്ക് നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചു വിടണമെന്ന് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ജനങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് ഉദ്ധവ് പറഞ്ഞത്.
Discussion about this post