ആലപ്പുഴ: ഡിവൈഎഫ്‌ഐ നേതാവ് മർദ്ദിച്ചെന്ന വാർത്തകൾ നിഷേധിച്ച് എസ്എഫ്‌ഐ വനിതാ നേതാവ്. ഉണ്ടായത് വെറും അപകടം മാത്രമാണ്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും വനിതാ നേതാവ് ചിന്നു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഡിവൈഎഫ്‌ഐ നേതാവ് അമ്പാടി ഉണ്ണി തന്നെ മർദ്ദിച്ചിട്ടില്ല. തനിക്കുണ്ടായത് കേവലം ഒരു വാഹനാപകടം മാത്രമാണ്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കാര്യമായ പരിക്കുകൾ ഇല്ല. പൂർണ ആരോഗ്യവതിയാണ്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും ചിന്നു പറഞ്ഞു.
അമ്പാടി ഉണ്ണി ബൈക്ക് ഇടിച്ച് വീഴ്ത്തിയെന്നും മർദ്ദിച്ചെന്നും, അപസ്മാരം ഉണ്ടായപ്പോൾ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നുമാണ് സംഭവ സമയം ചിന്നുവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. എന്നാൽ ഇതിനെ പൂർണമായി നിഷേധിച്ചാണ് ചിന്നുവിന്റെ പ്രതികരണം. പാർട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇങ്ങനെയൊരു പ്രതികരണം എന്നാണ് സൂചന.
തുടക്കം മുതലേ തണുപ്പൻ മട്ടിലായിരുന്നു പാർട്ടിയുടെ പ്രതികരണം. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രതികരിക്കാൻ പോലും ഡിവൈഎഫ്‌ഐ നേതൃത്വം തയ്യാറായിരുന്നില്ല. ഇതേപറ്റി ചോദിച്ചപ്പോൾ പരാതിയൊന്നും ഇല്ലെന്നായിരുന്ന നേതൃത്വത്തിന്റെ പ്രതികരണം. സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ് എടുക്കാനും പോലീസ് തയ്യാറായിരുന്നില്ല.












