മുംബൈ: ശിവസേനയുടെ പുതിയ അദ്ധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ തിരഞ്ഞെടുത്തു. മുംബൈയിൽ ചൊവ്വാഴ്ച ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗമാണ് ഷിൻഡെയെ തിരഞ്ഞെടുത്തത്. ശിവസേന എന്ന പാർട്ടി നാമവും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭ്യമായതിന് തൊട്ട് പിന്നാലെയാണ് ഷിൻഡെയെ പാർട്ടി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഏകനാഥ് ഷിൻഡെയെ പാർട്ടി അദ്ധ്യക്ഷനായി അംഗീകരിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്ധവ് താക്കറെയ്ക്കുള്ള പിന്തുണ അവസാനിപ്പിച്ച് ഷിൻഡെക്കൊപ്പം ചേർന്ന പാർട്ടി എം എൽ എമാരും എം പിമാരും മറ്റ് നേതാക്കളുമാണ് ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
ശിവസേനയുടെ വസ്തുക്കളും പദവികളും സാമ്പത്തിക നിയന്ത്രണവും ഏറ്റെടുക്കുന്നതിൽ നിന്നും ഏകനാഥ് ഷിൻഡെയെ തടയണമെന്ന് കാട്ടി മുൻ ശിവസേന നേതാവ് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ബുധനാഴ്ച വാദം കേൾക്കാനിരിക്കെയാണ് ഷിൻഡെ ക്യാമ്പിന്റെ ചടുല നീക്കം.
പാർട്ടി ഓഫീസുകളുടെ നിയന്ത്രണവും ഷിൻഡെക്ക് നൽകരുത് എന്നാണ് ഉദ്ധവ് താക്കറെയുടെ ആവശ്യം. മഹാരാഷ്ട്ര നിയമസഭയിലെ ശിവസേന ഓഫീസിന്റെ നിയന്ത്രണം ഷിൻഡെ പക്ഷ എം എൽ എമാർ ഏറ്റെടുത്തതിനെയും ഉദ്ധവ് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, പാർലമെന്റ് മന്ദിരത്തിലെ ശിവസേന ഓഫീസുകൾ ലോക്സഭാ സെക്രട്ടറിയേറ്റ് ഷിൻഡെ ക്യാമ്പിന് നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു മഹാരാഷ്ട്ര നിയമസഭയിലെ പാർട്ടി ഓഫീസുകൾ ഷിൻഡെ പക്ഷം പിടിച്ചടക്കിയത്.
Discussion about this post