കൊല്ലം: യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മന്ത്രി പി.രാജീവ് പങ്കെടുക്കാനെത്തിയ വ്യവസായ വകുപ്പിന്റെ പരിപാടി നടക്കുന്ന ചിന്നക്കടയിലെ വേദിക്ക് സമീപത്താണ് സംഘർഷമുണ്ടായത്. മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു.
പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുമെന്ന സൂചനയെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വേദിക്ക് അമ്പത് മീറ്റര്‍ അകലെ കടയിൽ നിന്ന ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാര്‍ മർദിച്ചത്.
ഈ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നിന്നതായും പരാതിയുണ്ട്. മർദനത്തിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടന്ന സ്ഥലത്തിന് സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു.
Discussion about this post