ജനീവ: ദിവസങ്ങൾക്ക് മുൻപ് തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 15 ലക്ഷത്തോളം ആളുകൾക്ക് വീട് നഷ്ടമായെന്നും, രാജ്യത്ത് അഞ്ച് ലക്ഷത്തോളം ഹൗസിംഗ് യൂണിറ്റുകൾ ഉണ്ടാക്കേണ്ടി വരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്യോഗസ്ഥർ. ഭൂകമ്പം ബാധിച്ച 70 ശതമാനം കെട്ടിടങ്ങളും തുർക്കിയിലെ സർക്കാർ ഉദ്യോഗസ്ഥർ പരിശോധിച്ചതായി യുഎൻഡിപിയുടെ തുർക്കിയിലെ പ്രതിനിധി ലൂയിസ വിന്റൺ പറഞ്ഞു. ഇതിൽ 1,18,000 കെട്ടിടങ്ങളിലുള്ള 4,12,000ത്തോളം ഹൗസിംഗ് യൂണിറ്റുകൾ തകർന്നു വീഴാൻ സാധ്യതയുണ്ട്. വലിയ തോതിൽ ബലക്ഷയം സംഭവിച്ച ഇവ പൊളിച്ചു മാറ്റേണ്ട സാഹചര്യമാണുളളത്.
ദുരന്ത ഭൂമിയിൽ നിന്ന് ഒഴിവാക്കേണ്ട കെട്ടിട അവശിഷ്ടങ്ങളുടെ അളവും വളരെ വലുതാണ്. അപകടകരമായ രീതിയിലാണ് മാലിന്യങ്ങൾ കൂന കൂടി കിടക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന ഭീഷണി കുറയ്ക്കാൻ യുഎൻഡിപി ശ്രമിക്കുന്നുണ്ടെന്നും ലൂയിസ വിന്റൺ പറഞ്ഞു. തുർക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് അവിടുത്തെ ജനത കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായത്. അതേസമയം 300 മണിക്കൂറോളമായി തുടർന്ന് വന്നിരുന്ന തിരച്ചിൽ രക്ഷാപ്രവർത്തകർ അവസാനിപ്പിച്ചു. വീടുകൾ നഷ്ടപ്പെട്ട ആളുകളും കൊടിയ ദുരിതത്തിലാണ്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സാഹചര്യമുണ്ട്.
ദുരന്തത്തെ അതിജീവിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കോളറ, ഹെപ്പറ്റൈറ്റിസ് എ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്‌മോൾവുഡ് പറയുന്നു. 47,000ത്തോളം ആളുകൾക്കാണ് ഭൂകമ്പത്തിൽ ഇതുവരെ ജീവൻ നഷ്ടമായത്.
Discussion about this post