മോസ്‌കോ: യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ വിദേശ രാജ്യങ്ങളാണ് ആ സാഹചര്യത്തിൽ മാറ്റമുണ്ടാക്കിയതെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ” യുക്രെയ്‌നുമായുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തിരുന്നു. സംഘർഷം ഒഴിവാക്കി സമാധാനപരമായ അവസാനം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇപ്പോൾ വ്യത്യസ്തമായ ഒരു സാഹചര്യം ഒരുങ്ങുകയാണ്. നിലവിലെ യുക്രെയ്ൻ ഭരണകൂടം ദേശീയ താൽപ്പര്യങ്ങളെയല്ല, മറിച്ച് മറ്റൊരു രാജ്യത്തിന്റെ താതപര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്നും ഫെഡറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പുടിൻ പറഞ്ഞു.
അമേരിക്കയ്‌ക്കെതിരെയും പുടിൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ലോകത്ത് എല്ലായിടത്തും സൈനിക താവളങ്ങൾ ഉള്ളത് അമേരിക്കയ്ക്ക് മാത്രമാണെന്ന് പുടിൻ ആരോപിച്ചു. ” ഒരു കാര്യം വ്യക്തമാക്കുകയാണ്. ലോകത്ത് ഒരു രാജ്യത്തിനും അമേരിക്കയ്ക്ക് ഉള്ളത് പോലെ വിദേശരാജ്യങ്ങളിൽ സൈനിക താവളങ്ങളില്ല. നൂറ് കണക്കിന് സൈനികരാണ് അവിടെ എല്ലാമുള്ളത്. ലോകസമാധാനം ഉറപ്പാക്കുന്ന പല കരാറുകളും അവർ ഏകപക്ഷീയമായി അട്ടിമറിച്ചു. എന്തിനാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു പ്രാദേശിക സംഘർഷത്തെ വലിയൊരു ആഗോള ഏറ്റുമുട്ടലാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ചാണ് നമ്മൾ പ്രതികരിക്കുന്നത്. ഇപ്പോൾ നമ്മൾ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനെ കുറിച്ചാണ് സംസാരിക്കുന്നത്. യുദ്ധക്കളത്തിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാദ്ധ്യമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ റഷ്യയ്‌ക്കെതിരെ അവർ വലിയ ആക്രമണങ്ങൾ നടത്തുകയാണെന്നും” പുടിൻ ആരോപിച്ചു.
Discussion about this post