ന്യൂഡൽഹി: കേന്ദ്രം ധനസഹായം നൽകുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ ആം ആദ്മി മൊഹല്ല ക്ലിനിക്കുകളെന്ന പേരിൽ പേര് മാറ്റി അവതരിപ്പിക്കുന്നതിനെതിരെ പഞ്ചാബ് സർക്കാരിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പഞ്ചാബ് സർക്കാരിന് അയച്ച കത്തിൽ ആരോപിക്കുന്നു.
ആയുഷ്മാൻ പദ്ധതി പ്രകാരമുള്ള 3029 ആരോഗ്യ കേന്ദ്രങ്ങളാണ് പഞ്ചാബിലുടനീളം പ്രവർത്തിക്കുന്നത്. സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിലെ വിവിധ വ്യവസ്ഥകൾ സംസ്ഥാനം ലംഘിച്ചു. വ്യവസ്ഥകളിൽ ലംഘനമുണ്ടാകുന്ന പക്ഷം ഫണ്ട് നൽകുന്നത് നിർത്തലാക്കുമെന്നും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ റോളി സിംഗ് പറഞ്ഞു.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സ്‌കീമിന് കീഴിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഈ ഫണ്ട് ഉപയോഗിച്ച് ക്ലിനിക്കുകളുടെ പേര് ആം ആദ്മി മൊഹല്ല ക്ലിനിക്ക് എന്ന് മാറ്റിയിരിക്കുകയാണ്. പദ്ധതിയുടെ 60 ശതമാനം തുകയും കേന്ദ്രമാണ് വഹിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ പ്രകാരം പഞ്ചാബിന് 1114.57 കോടി രൂപയാണ് നൽകിയിട്ടുള്ളത്. ഈ വർഷത്തെ കേന്ദ്രവിഹിതമായി 438.46 കോടിയും അനുവദിച്ചിട്ടുണ്ട്.
ആരോഗ്യ സൗകര്യങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും നവീകരണത്തിന് വേണ്ടിയാണ് സംസ്ഥാനത്തിന് ഫണ്ട് നൽകിയതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ധാരണാപത്രത്തിന് കീഴിലുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം കേന്ദ്രം കർശന നടപടിയെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയമില്ലാതെ പൊതുജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മൻസുഖ് മാണ്ഡവ്യ പറയുന്നു.
Discussion about this post