റായ്പൂർ: വിവാഹ സത്കാരത്തിന് തൊട്ടുമുൻപായി നവദമ്പതികളെ വീടിനുള്ളിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. വിവാഹ സത്കാരം തുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനമെന്നും പോലീസ് പറയുന്നു.
തിക്രപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രിജ്‌നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് ദാരുണസംഭവം. അസ്ലം(24) ഭാര്യ കകാഷ ബാനോ(22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ച രാത്രിയാണ് വിവാഹത്തിന്റെ റിസപ്ഷൻ നടത്താൻ തീരമാനിച്ചത്. പരിപാടിക്ക് തയ്യാറാകുന്നതിന് വേണ്ടി മുറിയിൽ കയറിയതിന് പിന്നാലെ കകാഷയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിക്കൂടി.
മുറി തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ അസ്ലിമിനേയും കകാഷയേയും കണ്ടെത്തിയത്. ഉടനെ തന്നെ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തിയാണ് മുറിയുടെ വാതിൽ തകർത്ത് ഉള്ളിൽ കയറിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ മുറിയിൽ നിന്ന് കത്തി കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്നും, കകാഷയെ അസ്ലം കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നുമാണ് പ്രാഥമിക വിവരമെന്നും പോലീസ് പറഞ്ഞു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post