കൊളംബോ: സാമ്പത്തികമാന്ദ്യത്തിലുഴയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായ അദാനി ഗ്രൂപ്പ്. രാജ്യത്ത് വൻ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ശ്രീലങ്കയിൽ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്ന് ബോർഡ് ഓഫ് ഇൻവെസ്റ്മെന്റ് അറിയിച്ചു. കാറ്റാടിപ്പാടങ്ങൾക്കായി 442 മില്യൺ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ചൈനീസ് കമ്പനിയെ മറികടന്നാണ് അദാനി ഗ്രൂപ്പ് ശ്രീലങ്കയിൽ കാറ്റാടി പാടങ്ങൾ സ്ഥാപിക്കുന്നത്.
2025ഓടെ ഇവിടെ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന വിധത്തിലാണ് പദ്ധതി വിഭാനം ചെയ്തിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച് അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കൻ ഊർജ്ജമന്ത്രി കാഞ്ചന വിജെശേഖരെ വ്യക്തമാക്കി. 2024 ഡിസംബറോടെ ഊർജപദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്ക വ്യക്തമാക്കി. പാപ്പരത്തം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന വിദേശ നിക്ഷേപമാണിത്. കൊളംബോയിലെ 700 മില്യൺ ഡോളറിന്റെ സ്ട്രാറ്റജിക് പോർട്ട് ടെർമിനൽ പ്രോജക്റ്റ് 2021-ൽ ശ്രീലങ്ക അദാനി ഗ്രൂപ്പിന് നൽകിയതിന് പിന്നാലെയാണ് ഈ പദ്ധതി.
നേരത്തെ 2019ൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലിടുക്കിലെ ദ്വീപുകളിൽ 12 മില്യൺ ഡോളർ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ധനസഹായത്തോടെ മൂന്ന് കാറ്റാടിപ്പാടങ്ങൾ നിർമിക്കാൻ ഒരു ചൈനീസ് സ്ഥാപനത്തിന് അനുമതി നൽകിയിരുന്നുവെങ്കിലും ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് അത് റദ്ദാക്കിയിരുന്നു.
Discussion about this post