ന്യൂഡൽഹി: കാണാതായ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് മിസ്ഡ് കോളിൽ നിന്ന് 11കാരിയുടെ കൊലപാതകം തെളിയിച്ച് പോലീസ്. ഫെബ്രുവരി ഒമ്പതിന് സ്‌കൂളിൽ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേ ദിവസം രാവിലെ 11.50ഓടെ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നിരുന്നു. അറിയുന്ന ആരെങ്കിലും ആണെന്ന് കരുതി തിരികെ വിളിച്ചപ്പോൾ ഈ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.
അന്ന് വൈകിട്ട് കുട്ടി തിരികെ വീട്ടിൽ എത്താതിരുന്നതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുന്നു. മകളെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയിൽ ഉടൻ തന്നെ പോലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അമ്മയുടെ ഫോണിലേക്ക് വന്ന നമ്പറുകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചത്.
ഒടുവിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. രോഹിത് എന്ന 21കാരനാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഒൻപതാം തിയതി സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എ്ന്നും പോലീസ് പറഞ്ഞു.
Discussion about this post