ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തെ പ്രശംസിച്ച് സ്റ്റാൻഫോർഡ് സർവകലാശാല. വാക്സിനേഷനിലൂടെ 34 ലക്ഷം ജീവനുകൾ രക്ഷിക്കാൻ ഇന്ത്യക്ക് സാധിച്ചതായി സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. വാക്സിനേഷൻ യജ്ഞത്തിലൂടെ 15 ബില്ല്യൺ ഡോളറിന് തുല്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ പുറത്തു വിട്ടത്. കണ്ടെയ്ന്മെന്റ്, ദുരിതാശ്വാസ നടപടികൾ, വാക്സിൻ വിതരണം എന്നിവയായിരുന്നു കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ മൂന്ന് സുപ്രധാന ഘട്ടങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ യജ്ഞമാണ് ഇന്ത്യയിൽ നടന്നത്. 2.2 ബില്ല്യൺ ഡോസ് വാക്സിനാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. 12 വയസ്സിന് മുകളിലുള്ള 97 ശതമാനം പേർക്ക് ആദ്യ ഡോസും 90 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചു.
എല്ലാവർക്കും ലഭ്യത ഉറപ്പ് വരുത്താൻ, സൗജന്യമായാണ് ഇന്ത്യ വാക്സിൻ വിതരണം ചെയ്തത്. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാനും കൊവിൻ പോലെയുള്ള സോഫ്റ്റ്വെയറുകൾ വിജയകരമായി പ്രയോഗിക്കാനും ഇന്ത്യക്ക് സാധിച്ചു. പരിഭ്രാന്തി ഒഴിവാക്കാനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനും ഇന്ത്യക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൃത്യമായ സമയങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിലൂടെ കുറഞ്ഞത് 20 ലക്ഷം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു. കൊവിഡ് തരംഗങ്ങളെ ഫലപ്രദമായി നേരിടാൻ ലോക്ക്ഡൗണുകൾക്ക് കഴിഞ്ഞു. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ മികച്ച രീതിയിൽ ആധുനികവത്കരിക്കാനും കൊവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യക്ക് സാധിച്ചുവെന്ന് സ്റ്റാൻഫോർഡ് സർവകലാശാല റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post