ന്യൂഡൽഹി: ഇന്ത്യൻ സേനയും കൊളോണിയൽ രീതികൾ തൂത്തെറിയുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ വർഷങ്ങളുടെ പഴക്കമുള്ള കൊളോണിയൽ ചടങ്ങുകളാണ് ഒഴിവാക്കുന്നത്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ വിരമിക്കൽ ചടങ്ങിലെ കൊളോണിയൽ രീതികളിലാണ് മാറ്റം വരുത്തുന്നത്. വിരമിക്കുന്ന ഓഫീസർമരെ കീഴുദ്യോഗസ്ഥർ കുതിര വണ്ടിയിൽ ഇരുത്തി വലിച്ച് പുറത്ത് കൊണ്ട് പോകുന്നത്, വിരമിക്കൽ ചടങ്ങുകളിലെ പൈപ്പ് ബാൻഡ്‌മേളം, തുടങ്ങിയവ ഇനിമുതൽ നിർത്തലാക്കാനാണ് ഉത്തരവ്.
വിരമിക്കൽ ചടങ്ങിൽ കൊളോണിയൽ ചടങ്ങുകൾ തുടർന്നാൽ കർശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും സൈന്യത്തിന് നൽകിയ ഉത്തരവിൽ പറയുന്നു. വിരമിക്കൽ ചടങ്ങുകൾക്കായി ഉപയോഗിച്ചിരുന്ന കുതിര വണ്ടികൾ, കുതിരകൾ തുടങ്ങിയവ മറ്റ് സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കും.
പുരാതനവും ഫലപ്രദമല്ലാത്തതുമായ സമ്പ്രദായങ്ങളിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാണ്. 2022 ഓഗസ്റ്റ് 15 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പഞ്ച പാണൻ എന്ന് പേരിട്ട അഞ്ചു പ്രതിജ്ഞകൾ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഈ പ്രതിജ്ഞകൾക്ക് അനുസൃതമായി ദേശീയ വികാരവുമായി യോജിപ്പിക്കാൻ ഇന്ത്യൻ സൈന്യവും ഈ പാരമ്പര്യ സമ്പ്രദായങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊളോണിയൽ രീതികൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ആരംഭിച്ചു.
Discussion about this post