കാസർകോട്: കാസർകോട് ഗവണ്മെന്റ് കോളേജിനെ എസ് എഫ് ഐക്കാർ അനാശാസ്യത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മുൻ പ്രിൻസിപ്പൽ എം രമ. എസ് എഫ് ഐ നേതാക്കൾക്കെതിരെ നിരവധി കുട്ടികൾ നൽകിയ പരാതികൾ തന്റെ പക്കലുണ്ട്. എസ് എഫ് ഐക്കാരുടെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചതിന് തന്നെ കൈയ്യേറ്റം ചെയ്യുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നും എം രമ പറഞ്ഞു.
പ്രിൻസിപ്പൽ എന്ന നിലയിലല്ല, ഒരു അദ്ധ്യാപിക എന്ന നിലയിൽ പോലും താൻ ഈ സ്ഥാപനത്തിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് എസ് എഫ് ഐക്കാരുടെ ആവശ്യം. കോളേജ് ഗ്രൗണ്ടിൽ എസ് എഫ് ഐക്കാർ നടത്തുന്ന കൊള്ളരുതായ്മകൾ പുറത്തുള്ളവർ ക്യാമറയിൽ പകർത്തി തനിക്ക് അയച്ചു തന്നിട്ടുണ്ടെന്നും എം രമ പറഞ്ഞു.
ഒരു അദ്ധ്യാപിക എന്ന പരിപാവനമായ പദവിയിൽ ഇരുന്നു കൊണ്ട് നിർഭയം പ്രവർത്തിക്കും. കോളേജിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ മനസിലാക്കണം. കുട്ടികളെ എല്ലാ തരത്തിലും നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് എസ് എഫ് ഐക്കാർ നടത്തുന്നത്.
രക്ഷകർത്താക്കൾ കോളേജിൽ മിന്നൽ പരിശോധന നടത്തി വസ്തുതകൾ നേരിട്ട് ബോദ്ധ്യപ്പെടണം. തന്നെ സദാചാര പോലീസ് ആക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഈ വൃത്തികേടുകൾ മറ്റ് അദ്ധ്യാപകരും കാണുന്നുണ്ട്. നേരിട്ട് കണ്ടും അനുഭവിച്ചും ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് താൻ പറയുന്നതെന്നും എം രമ പറഞ്ഞു.
കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ആളുകൾ വന്ന് രാത്രി വരെ കോളേജിൽ തങ്ങുന്നു. വൃത്തികേടുകൾ കാണിക്കുന്നവരോട്, പോയി റൂമെടുത്തിട്ട് ഇതൊക്കെ ചെയ്യണം എന്ന് പറയേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയാൾ പട്ടാളം എന്ന രീതിയിലാണ് താൻ പൊരുതുന്നതെന്നും എം രമ പറഞ്ഞു.
അച്ഛനമ്മമാർക്ക് മക്കളെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് എസ് എഫ് ഐക്കാർ ചെയ്യുന്നത്. സമീപ പ്രദേശത്തെ കടക്കാർക്കും മറ്റ് നാട്ടുകാർക്കും കാര്യങ്ങൾ അറിയാം. കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടിട്ടാണ് ഇതിനൊക്കെ എതിരെ പ്രവർത്തിക്കുന്നത്.
ഒരു സ്ത്രീയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങൾ മനസിലാക്കണം. യാഥാർത്ഥ്യം ഇങ്ങനെ ആണെന്നിരിക്കെയാണ് അദ്ധ്യാപിക കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഏകപക്ഷീയമായി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റിയത്. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു സാധാരണ അദ്ധ്യാപികയായി തുടരേണ്ടി വന്നാലും ശരി, എസ് എഫ് ഐക്കാർക്ക് നശിപ്പിക്കാൻ കുട്ടികളെ വിട്ട് നൽകില്ലെന്നും എം രമ വ്യക്തമാക്കി.












