മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക രംഗത്ത്. തന്റെ ചിത്രമായ ഏലേ യുടെ കോപ്പിയാണ് നൻപകൽ നേരത്ത് മയക്കം എന്നാണ് സംവിധായിക ഹലിതാ ഷമീമിന്റെ ആരോപണം. ചിത്രത്തിലെ കഥാപാത്രങ്ങളെയും സീനുകൾ കൊണ്ടുവരുന്ന സൗന്ദര്യബോധവും അതേപടി പകർത്തിവെച്ചിരിക്കുകയാണെന്നും സംവിധായിക ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഒരു സിനിമയുടെ എല്ലാ മനോഹാരിതയും അതേപടി മോഷ്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇവർ പറയുന്നു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്ത് വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഏലയിൽ ചേർത്തിരിക്കുന്ന എല്ലാ സൗന്ദര്യാനുഭൂതിയും മോഷ്ടിക്കപ്പെട്ടുവെന്ന വസ്തുത അൽപ്പം തളർത്തുന്നതാണ്.
” ഐസ് വിൽപ്പനക്കാരൻ പാൽക്കാരനായി മാറി. സെമ്പുലി സെവലൈ ആയി. മോർച്ചറി വാനിന് പിന്നാലെ സെമ്പുലി ഓടിയത് പോലെ മിനി ബസിന് പിറകെ സെവലൈ ഓടുന്നു.” ഏലേയിൽ താൻ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനൻ. അദ്ദേഹം ഏലേയിലേത് പോലെ തന്നെ മമ്മൂട്ടിക്കൊപ്പം പാടുന്നു. മറ്റ് സിനിമകളിലൊന്നും വരാത്ത വീടുകൾ താൻ ഇതിലും കണ്ടുവെന്നും ഹലിത പറഞ്ഞു.
കഥ മുന്നോട്ട് പോകുമ്പോൾ ഇനിയുമേറെ സാമ്യമുണ്ട്. തനിക്ക് വേണ്ടി താൻ തന്നെ സംസാരിക്കണമെന്നത് കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്തത്. ഏലേ എന്ന തന്റെ ചിത്രത്തെ നിങ്ങൾക്ക് തള്ളിക്കളയാം. എന്നാൽ അതിൽ നിന്ന് കരുണയില്ലാതെ ആശയങ്ങളും സൗന്ദര്യാനുഭൂതിയും അടർത്തിയെടുത്താൽ താൻ നിശബ്ദയായി ഇരിക്കില്ലെന്നും ഹലിത പറഞ്ഞു.
സംവിധായികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഏലേയുടെ പോസ്റ്റിന് സമാനമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പോസ്റ്റർ എന്ന കമന്റുകളാണ് ലഭിക്കുന്നത്.
Discussion about this post