കൊച്ചി: തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കായി ബോര്‍ഹ ഹെരേരയാണ് വിജയഗോള്‍ നേടിയത്.
ഇതോടെ 20 മത്സരങ്ങളിൽ നിന്നായി 31 പോയിന്റുകളുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. പ്ലേ ഓഫ് പോരാട്ടത്തിൽ ബംഗലൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മാര്‍ച്ച് മൂന്നിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
ഹൈദരാബാദിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു തുടക്കത്തിൽ ആധിപത്യം. ഇടതുവശം കേന്ദ്രീകരിച്ച് ജെസെലും ബ്രൈസും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ക്ക് കരുത്തേകി. കളിയുടെ പതിമൂന്നാം മിനിറ്റില്‍ വിബിന്‍ മോഹനന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിന് അരികിലൂടെ പറന്നു. ഇതിനിടെ ഹൈദരാബാദിന്റെ ഒരു ശ്രമവും ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ തടയാന്‍ ഹൈദരാബാദ് പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളിയൊഴുക്ക് തടസപ്പെട്ടു. ലൂണയ്ക്ക് കിട്ടിയ ഫ്രീകിക്ക് ഗുര്‍മീത് പിടിച്ചെടുത്തു. 29ാം മിനിറ്റില്‍ ഹൈദരാബാദ് മുന്നിലെത്തി.
ബോര്‍ഹ ഹെരേരയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ലീഡ് നേടിയത്. മധ്യവരയ്ക്കിപ്പുറത്ത് നിന്ന് മുഹമ്മദ് യാസിര്‍ നടത്തിയ ഒറ്റയാന്‍ നീക്കമാണ് ഗോളിലേക്കെത്തിയത്. ഇടതുഭാഗത്ത് ഹാളീചരണ്‍ നര്‍സാറി ഹെരേരയെ ലക്ഷ്യമാക്കി പന്ത് നല്‍കി. ബ്ലാസ്റ്റേഴ്സിന് അപകടമൊഴിവാക്കാനായില്ല.
ഒരു ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്സ് തളര്‍ന്നില്ല. നിരന്തരം അവര്‍ ഹൈദരാബാദ് ബോക്സില്‍ ചലനമുണ്ടാക്കി. ഇതിനിടെ സഹലിന് കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല.
രണ്ടാംപകുതിയില്‍ കൃത്യമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ഹൈദരാബാദ് പ്രതിരോധത്തെ മറികടക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ തകര്‍പ്പന്‍ കളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. എന്നാൽ, ഒടുവിൽ കൊച്ചിയിൽ സീസണിലെ മൂന്നാം തോൽവിയുമായി ബ്ലാസ്റ്റേഴ്സ് ലീഗ് റൗണ്ട് അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post