കോഴിക്കോട്: ഇസ്രയേലിൽ വച്ച് മുങ്ങിയ കർഷകനായ ബിജു കുര്യൻ കേരളത്തിൽ മടങ്ങിയെത്തി. ഗൾഫ് എയറിന്റെ വിമാനത്തിൽ ഇന്ന് പുലർച്ചെ കരിപ്പൂരിലാണ് ബിജു വിമാനമിറങ്ങിയത്. ബെത്ലഹേം അടക്കമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ബിജു പറഞ്ഞു. ഇതിന് വേണ്ടിയാണ് സംഘത്തിൽ നിന്ന് മാറിയത്. കൂടെ ഉള്ളവരോട് പറഞ്ഞാൽ അനുവാദം ലഭിക്കില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ സങ്കടം തോന്നി. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നു.
തിരികെ മടങ്ങിയത് സ്വമേധയാ തന്നെയാണ്. ഒരു ഏജൻസിയും അന്വേഷിച്ചു വന്നില്ല. സഹോദരൻ ടിക്കറ്റ് എടുത്ത് അയച്ച് തരികയായിരുന്നുവെന്നും ബിജു പറഞ്ഞു. ഈ മാസം 12നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലിലേക്ക് പോയത്. ആധുനിക കൃഷിരീതി പരിശീലനത്തിനാണ് ബിജു ഉൾപ്പെടെയുള്ള 27 കർഷകരെ ഇസ്രയേലിലേക്കയച്ചത്. ഫെബ്രുവരി 17ന് രാത്രി ഏഴ് മണിയോടെയാണ് കാണാതായത്. താമസിക്കുന്ന ഹോട്ടലിൽനിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവേ ബിജു വാഹനത്തിൽ കയറിയില്ലെന്നും തുടർന്ന് കാണാതായെന്നുമാണ് വിവരം.
ഹെർസ്ലിയ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് ബിജുവിനെ കാണാതായത്. ബിജുവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ വിസ റദ്ദാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയായിരുന്നു. താൻ സുരക്ഷിതനാണ് എന്ന മെസേജിന് ശേഷം കുടുംബത്തിനും ബിജുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
Discussion about this post