ന്യൂഡൽഹി:ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർച്ച് 2 ന് ഇന്ത്യയിലെത്തും. റെയ്‌സിന ചർച്ചയിൽ മെലോണി മുഖ്യാതിഥിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെലോണി സുപ്രധാന കൂടിക്കാഴ്ച നടത്തും.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സന്ദർശനം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജിയോപൊളിറ്റിക്‌സ്, ജിയോ ഇക്കണോമിക്‌സ് എന്നിവയെക്കുറിച്ചുള്ള രാജ്യത്തെ പ്രധാന സമ്മേളനമായ റെയ്‌സിന ചർച്ചയിൽ മെലോണി മുഖ്യാതിഥിയായി സംസാരിക്കും.
ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയും ഉന്നത വ്യവസായ പ്രതിനിധി സംഘവും മെലോണിയെ അനുഗമിക്കും. 2018ൽ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഇന്ത്യ സന്ദർശിച്ചതിന് ശേഷമുള്ള ഇന്ത്യ ഇറ്റലി ഉന്നതതല ഉഭയകക്ഷി സന്ദർശനമാണിത്.
“ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തും, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും,ശാസ്ത്ര-സാങ്കേതിക രംഗത്തെ സഹകരണത്തിന് തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകും,” മന്ത്രാലയം പറഞ്ഞു.
മാർച്ച് 2 ന് രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ മെലോണിക്ക് ആചാരപരമായ സ്വീകരണം നൽകും, അതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേ ദിവസം തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രസിഡന്റ് ദ്രൗപതി മുർമുവുമായും മെലോണി കൂടിക്കാഴ്ച നടത്തും.
മെലോണിയുടെ സന്ദർശന വേളയിൽ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി കൂടിയായ തജാനിയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ബിസിനസ് റൗണ്ട് ടേബിളിൽ പങ്കെടുത്ത് സംസാരിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 ആം വർഷം ആഘോഷിക്കുന്ന വേളയാണിത്.
Discussion about this post