തൃശൂർ : ഉത്സവങ്ങളിലെ എഴുന്നള്ളിപ്പിൽ ചരിത്രമെഴുതി റോബോട്ട് ആന ഇരിഞ്ഞാടപ്പള്ളി രാമൻ. ഉത്സവത്തിന് തിടമ്പെടുത്തുകൊണ്ടാണ് രാമൻ പുതുചരിത്രം കുറിച്ചത്. കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടിനിന്ന രാമൻ ഉത്സവപ്രേമികളിൽ കൗതുകം നിറച്ചു.
ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തുണ്ടായിരുന്നു. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും കൊട്ടിക്കയറി. അമ്പതോളം കലാകാരന്മാരാണ് അണിനിരന്നത്.
ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ സമർപ്പിച്ചത്. ഈ റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്. രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബർ ഉപയോഗിച്ചാണ് ആനയെ നിർമിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽനിന്ന് വെള്ളം ചീറ്റും. അഞ്ച് ലക്ഷം രൂപയാണ് റോബോട്ടിക് ആനയുടെ നിർമ്മാണ ചെലവ്.
Discussion about this post