കോഴിക്കോട് : ദുർഗന്ധം വമിച്ചതിനെ തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് സ്വദേശിയായ അൽ അമീൻ (22) ആണ് മരിച്ചത്. വധശ്രമ കേസിലെ പ്രതിയാണ് അൽ അമീൻ.
പോലീസിനെ കണ്ട് ഭയന്ന് ഓടിയപ്പോൾ അൽ അമീൻ കിണറ്റിൽ വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അൽ അമീൻ സുഹൃത്തുക്കൾക്കൊപ്പം മൃതദേഹം കണ്ടെത്തിയ പന്നിക്കോട്ടൂരിൽ എത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസി അമീനിന്റെ സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും.
പന്നിക്കോട്ടൂർ സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് അൽ അമീന്റെ മൃതദേഹം കണ്ടെത്തിയത്. കിണറ്റിലെ വെള്ളത്തിൽ അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.
മൃതദേഹം കണ്ടയുടനെ വിവരം പോലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചു. ഇവർ എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്. രണ്ട് നാൾ പഴക്കമേറിയ മൃതദേഹം അഴുകി തുടങ്ങിയിരുന്നു. അതിനാൽ ആരാണ് മരിച്ചതെന്ന് പോലീസിന് ആദ്യം വ്യക്തമായിട്ടില്ല. ആൾമറയില്ലാത്ത കിണറായിരുന്നു മുഹമ്മദിന്റേത്.
അൽ അമീന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.












