തിരുവനന്തപുരം: കെടിയു വിസി ഡോക്ടർ സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പകരം, കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യയാക്കിയ ഡോക്ടർ എം എസ് രാജശ്രീയെ നിയമിക്കാനും തീരുമാനമായി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടർ ആയിരിക്കെയാണ് സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കെടിയു വിസി ആയി നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ, സിസ തോമസിന്റെ വിസി സ്ഥാനത്തെ അത് ബാധിച്ചേക്കാം. ഇത് മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ നീക്കം എന്നതാണ് വിവരം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സിസ തോമസിന് സർക്കാർ പുതിയ നിയമനം നൽകിയിട്ടില്ല. പുതിയ തസ്തിക പിന്നീട് അനുവദിക്കുമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.












