മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ താത്കാലികമായ തിരിച്ചടിയിൽ നിന്നും കരകയറി അദാനി ഗ്രൂപ്പ്. തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം കുതിച്ചു കയറിയ അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യമാണ് നിലവിൽ അദാനിയെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും മുന്നിൽ എത്തിച്ചിരിക്കുന്നത്. 14 ശതമാനത്തിലധികമാണ് ചൊവ്വാഴ്ച അദാനിയുടെ ഓഹരി മൂല്യം ഉയർന്നത്.
ഇതോടെ അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത് തുടരുമെന്നതിന്റെ സൂചന പ്രമുഖ ബാങ്കുകളിൽ നിന്നും ലഭ്യമായി. വിപണിയിലെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ഏഴ് കമ്പനികളും ലാഭത്തിലെത്തിയത്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ മാത്രം 26,493 കോടി രൂപയുടെ നേട്ടമുണ്ടാക്കിയപ്പോൾ, മൊത്തം ഗ്രൂപ്പിന്റെ വിപണി മൂല്യം 37,214 കോടി രൂപ ഉയർന്നു.
നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടി, ഓഹരികൾ പണയം വെച്ച് എടുത്ത ലോണുകൾ മുൻകൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് ഓഹരികൾ വീണ്ടും ഉയർന്നിരിക്കുന്നത്.
അദാനിയുടെ ആകെ ആസ്തി 39.9 ബില്ല്യൺ ഡോളറായാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇതോടെ, ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ 4 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുപ്പതാം സ്ഥാനത്തേക്ക് എത്താൻ ഗൗതം അദാനിക്ക് സാധിച്ചു.
Discussion about this post