കോഴിക്കോട്: പൊതുജനങ്ങൾ നിർമ്മിച്ച, പൊതുജനങ്ങൾ പരസ്യം കൊടുക്കുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’ എന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമയുടെ തിയറ്റർ റിലീസിന് മുന്നോടിയായി കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആണ്. സിനിമ ഇപ്പോഴെങ്കിലും റിലീസ് ചെയ്യാൻ കഴിഞ്ഞതിന് അദ്ദേഹത്തിനോടാണ് കടപ്പാടെന്ന് രാമസിംഹൻ അബൂബക്കർ പറഞ്ഞു.
രണ്ട് കോടി രൂപയാണ് പൊതുജനങ്ങളിൽ നിന്ന് സിനിമ നിർമിക്കാനായി സമാഹരിച്ചത്. അതിൽ മലയാളവും ഹിന്ദിയും പൂർത്തിയാക്കി. ഹിന്ദി പൂർണമായി ചെയ്തിട്ടുണ്ട്, സെൻസർ ചെയ്തിട്ടില്ല. മലയാളം റിലീസ് കഴിഞ്ഞ് അതിലേക്ക് കടക്കുമെന്ന് സംവിധായകൻ പറഞ്ഞു.
പ്രതിഫലമില്ലാതെ പലരും ഇതിന് വേണ്ടി അധ്വാനിച്ചിട്ടുണ്ട്. താൻ അടക്കമുളളവർ അങ്ങനെ പ്രതിഫലമില്ലാത്ത അധ്വാനമാണ് രണ്ടര വർഷം നടത്തിയത്. അതുകൂടി കൂട്ടുമ്പോൾ നാലോ അഞ്ചോ കോടി വരെ മുടക്കുമുതൽ വരുന്ന സിനിമയാണ്. ഒരു രാഷ്ട്രീയകക്ഷിയും പൊതുവായി സിനിമയ്ക്ക് പണം മുടക്കിയിട്ടില്ല. ബിജെപി അണികൾ പണം മുടക്കിയിട്ടുണ്ടാകും. അല്ലാതെ പാർട്ടി നേതൃത്വം സിനിമ നിർമിക്കാനായി പണം മുടക്കിയിട്ടില്ലെന്ന് രാമസിംഹൻ അബൂബക്കർ പറഞ്ഞു. സന്യാസിമാർ ഉൾപ്പെടെ പണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി നാടിന്റെ മുക്കിനും മൂലയിലും വരെ പ്രദർശിപ്പിച്ചു. പിന്നെ തനിക്ക് പുഴ മുതൽ പുഴ വരെ കാണിക്കാൻ പാടില്ലേയെന്ന് രാമസിംഹൻ അബൂബക്കർ ചോദിച്ചു. ഈ നാട്ടുകാരുടെ വിയർപ്പിന്റെ പണം കൊണ്ടാണ് പോസ്റ്റർ ഒട്ടിക്കുന്നത്. അത് നശിപ്പിക്കുകയാണ്. എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
1921 ലെ മലബാറിൽ നടന്ന ഹിന്ദു വംശഹത്യ പ്രമേയമായിട്ടാണ് സിനിമ. അതുകൊണ്ടു തന്നെ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ വിവാദമാകുകയും ചർച്ചയാകുകയും ചെയ്തിരുന്നു.












