അഗർത്തല: കേന്ദ്ര മന്ത്രിയാകുന്ന ആദ്യ ത്രിപുര സ്വദേശിനിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടാമത്തെ വനിതയുമാണ് പ്രതിമ ഭൗമിക്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ത്രിപുരയിൽ നിന്നും വിജയിച്ച് സാമൂഹിക നീതി വകുപ്പിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന പ്രതിമയെ, ഒരു വിശേഷപ്പെട്ട ദൗത്യം ഏൽപ്പിച്ചാണ് ബിജെപി ഇക്കുറി നിയമസഭാ സ്ഥാനാർത്ഥിയാക്കി ത്രിപുരയിലേക്ക് അയച്ചത്. സിപിഎമ്മിന്റെ രാവണൻ കോട്ട എന്ന വിശേഷണമുള്ള, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ തുടർച്ചയായ 25 വർഷം കൈവശം വെച്ചിരുന്ന ധൻപൂർ നിയമസഭാ മണ്ഡലം പിടിക്കുക എന്നതായിരുന്നു ആ ദൗത്യം.
2018ലെ ബിജെപിയുടെ തേരോട്ടത്തിലും സിപിഎമ്മിന് കൈമോശം വരാതിരുന്ന മണ്ഡലമായിരുന്നു ധൻപൂർ. അന്നും പ്രതിമയായിരുന്നു മണ്ഡലത്തിൽ മണിക് സർക്കാരിന്റെ എതിരാളി. സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചുവെങ്കിലും, പ്രതിമ ഭൗമിക്കിന് അന്ന് വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവർ രണ്ടാമതായി.
എന്നാൽ, യുപിയിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ സ്മൃതി ഇറാനി നടത്തിയതിന് സമാനമായ പ്രവർത്തനങ്ങളുമായി, ധൻപൂർ നിയമസഭാ മണ്ഡലത്തിൽ പ്രതിമ ഭൗമിക് നിറസാന്നിദ്ധ്യമായി. തുടർന്ന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ത്രിപുരയിൽ നിന്നും വിജയിച്ച് കേന്ദ്ര മന്ത്രിയായെങ്കിലും ധൻപൂരിനെ പ്രതിമ മറന്നില്ല. മണ്ഡലത്തിലെ ഏതൊരു ആവശ്യത്തിനും, എം എൽ എ മണിക് സർക്കാറിനേക്കാൾ ജനങ്ങൾ ആശ്രയിക്കുന്ന നേതാവായി അവർ മാറി.
പ്രതിമയുടെ വ്യക്തിപ്രഭാവത്തിന് മുന്നിൽ പരാജയപ്പെടുമോ എന്ന ആശങ്ക കൊണ്ടാവാം, മണിക് സർക്കാർ ഇക്കുറി ധൻപൂരിൽ നിന്നും മത്സരിച്ചില്ല. എതിരാളി ആരെന്നത് ശ്രദ്ധിക്കാതെ, പാർട്ടി ഏൽപ്പിച്ച ജനസേവനം എന്ന ദൗത്യം ചിട്ടയായി നിറവേറ്റിയ പ്രതിമ ഭൗമിക്കിനെ തേടി ഇത്തവണ അർഹിക്കുന്ന ആ വിജയം എത്തി. 3500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎമ്മിന്റെ അഭിമാന മണ്ഡലം അവർ പിടിച്ചെടുത്തു.
ഇത്രമേൽ ജനകീയയായ ഒരു നേതാവിനെ കൃത്യമായ ദൗത്യങ്ങൾ നൽകി മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന ബിജെപിയുടെ രാഷ്ട്രതന്ത്രജ്ഞതയാണ് പ്രതിപക്ഷ പാർട്ടികളും ഇടത് മാദ്ധ്യമങ്ങളും പൊളിറ്റിക്കൽ മാനേജ്മെന്റ്, പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് എന്നീ ഓമനപ്പേരുകളിൽ പകുതി പരിഹാസമായും മറുപകുതി അസൂയയോടെയും വിശേഷിപ്പിക്കുന്നത്. വിശേഷണം എന്തു തന്നെ ആയാലും ലക്ഷ്യവും മാർഗവും സുതാര്യമാണ് എന്നതാണ് ബിജെപിയെ ഇന്ന് പ്രതിപക്ഷത്തിന് അപ്രാപ്യമായ മഹാമേരുവാക്കി രാജ്യത്ത് നിലനിർത്തുന്നത്.
രാഷ്ട്രീയ അനുഭവ പരിജ്ഞാനത്തിന്റെ ആത്മവിശ്വാസവും ഒപ്പം ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണയുമുണ്ടെങ്കിൽ എന്തും സാദ്ധ്യമാണ് എന്ന് തെളിയിച്ച പ്രതിമ ഭൗമിക്, ഭാവിയിൽ ബിജെപിയുടെ ത്രിപുരയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാലും അതിശയിക്കേണ്ടതില്ല എന്ന് സാരം.
Discussion about this post