ന്യൂഡൽഹി : ഉപാധികളില്ലാതെ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇടക്കാല ഉത്തരവ് വേണം എന്നതായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം. കേസിൽ മാർച്ച് 17 സുപ്രീംകോടതി വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് കെ എം ജോസഫിന്റെ ബെഞ്ച് ആയിരുന്നില്ല കേസ് പരിഗണിച്ചത്.
കേസിൽ വീണ്ടും വാദം കേൾക്കുന്നത് വരെ പഥസഞ്ചലനം നടത്താനാകില്ല. അതേസമയം റൂട്ട് മാർച്ച് നടത്തേണ്ട സ്ഥലങ്ങൾ ആർഎസ്എസുമായി ചർച്ച ചെയ്ത് നിശ്ചയിക്കാനും സൂപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ , പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
മുതിർന്ന അഭിഭാഷകൻ മുകുൾ റോഹാത്ഗിയാണ് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായത്. റൂട്ട് മാർച്ച് നടത്തുന്നതിനെതിരെ തമിഴ്‌നാട് സർക്കാർ എതിരല്ലെന്നായിരുന്നു സർക്കാർ വാദം. പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിനാൽ ആർഎസ്എസ് മാർച്ച് മൂലം ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വിശദീകരിച്ചത്. കോയമ്പത്തൂർ സ്‌ഫോടനവും പോപ്പുലർ ഫ്രണ്ട് നിരോധനവുമെല്ലാം പ്രദേശത്തെ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നതായും സർക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ ഒരു തീവ്രവാദ സംഘടനയെ (പിഎഫ്‌ഐ) നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയാത്തതിനാൽ അവർ ആർഎസ്എസ് റൂട്ട് മാർച്ച് നിരോധിക്കുകയാണെന്നാണ് മുതിർന്ന അഭിഭാഷകൻ മഹേഷ് ജേത്മലാനി പറഞ്ഞത്. മൂന്ന് ജില്ലകളിൽ മാത്രം റൂട്ട് മാർച്ച് നടത്താനാണ് അനുമതി ലഭിച്ചത്. 41 ജില്ലകളിൽ ഇതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇവിടെയൊന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. പിന്നെ സർക്കാർ എന്തിനെയാണ് ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
തമിഴ്‌നാട്ടിൽ സർക്കാർ നിരോധിച്ച റൂട്ട് മാർച്ച് നടത്താൻ ഹൈക്കോടതി അനുമതി നൽകിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മാറ്റിവെച്ച തീയതികളിൽ തമിഴ്നാട്ടിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
Discussion about this post