ChatGPTയും Bing AIയും പോലുള്ള ജനറേറ്റീവ് എഐ ഉപാധികളാണ് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നിലവില്‍ ടെക്കികളാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ഗൂഗിള്‍ സര്‍ച്ച് പോലെ വളരെ സാര്‍വ്വത്രികമായി ഉപയോഗിക്കുന്ന ഒന്നായി ഈ സാങ്കേതികവിദ്യകള്‍ മാറുന്ന കാലം വിദൂരമല്ല. ഇവയുടെ ഉപയോഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും മനുഷ്യരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന വില്ലന്മാരാകുമോ ഇവയെന്ന ആശങ്കയും ചിലര്‍ക്കുണ്ട്. എന്നാല്‍ അത്തരം ആശങ്കകളെല്ലാം അപ്രസക്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കംപ്യൂട്ടര്‍ കോഡുകള്‍ അവലോകനം ചെയ്യാനും കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്താനും എന്തിന് വാര്‍ത്തകള്‍ വരെ എഴുതാന്‍ കഴിയുന്ന ഇത്തരം സാങ്കേതികവിദ്യകള്‍ യഥാര്‍ത്ഥത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു.
ടെക് മഹീന്ദ്ര സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സി പി ഗുര്‍നാനിയും പുത്തന്‍ എഐ ഉപാധികളില്‍ ഏറെ പ്രതീക്ഷയുള്ളയാളാണ്. ഇത്തരം കണ്ടുപിടിത്തങ്ങളില്‍ വളരെ സന്തോഷമുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ബിസിനസ് ടുഡേ ടെകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലിച്ച ഡാറ്റയെ അടിസ്ഥാനമാക്കി പുതിയ ഔട്ട്പുട്ടുകള്‍ നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അല്‍ഗോരിതങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ജനറേറ്റീവ് എഐ. ജനറേറ്റീവ് എഐയുടെ കൂടുതല്‍ ഉപയോഗങ്ങള്‍ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളുവെന്നും ഗുര്‍നാനി പറഞ്ഞു.
ChatGPTയും Bing AI-യും പോലുള്ള ജനറേറ്റീവ് എഐ നിലവില്‍ മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയും അഭിപ്രായപ്പെട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് മനുഷ്യര്‍ക്ക് ബദലാകുമെന്ന തെറ്റിദ്ധാരണ നിലവിലുണ്ടെന്നും എന്നാല്‍ മനുഷ്യര്‍ അതിന് അനുവദിക്കില്ലെന്നും നാരായണമൂര്‍ത്തി പറഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എച്ച്ആര്‍ മേധാവി മിലിന്ദ് ലക്കഡും കഴിഞ്ഞിടെ സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. ജനറേറ്റീവ് എഐ മനുഷ്യരുടെ സഹപ്രവര്‍ത്തകനായിരിക്കുമെന്നാണ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
Discussion about this post