ന്യൂഡൽഹി : അന്തർ സംസ്ഥാന അധോലോക- ഭീകര സഖ്യത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി. ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്ന് നിരവധി ഗുണ്ടാ സംഘങ്ങളുടെ വസ്തുവകകൾ കണ്ടുകെട്ടി. ആസിഫ് ഖാന്റെ ഡൽഹിയിലെ വീടും സുരേന്ദർ സിംഗിന്റെ മഹേന്ദ്രഗഡ് ജില്ലയിലുള്ള വീടുകളും കൃഷി ഭൂമികളും കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് കണ്ടുകെട്ടിയത് എന്നും ഏജൻസി അറിയിച്ചു.
ആസിഫ് ഖാൻ ഗുണ്ടാസംഘത്തിന് ആയുധങ്ങളും ലോജിസ്റ്റിക് പിന്തുണയും നൽകുന്നുണ്ടെന്ന് എൻഐഎ പറഞ്ഞു. അതേസമയം, സുരേന്ദർ കുപ്രസിദ്ധ മാഫിയ നേതാക്കളായ നരേഷ് സേത്തി, അനിൽ ചിപ്പി, രാജു ബസോദി എന്നിവരുടെ അനുയായിയാണ്. ഈ മാഫിയ നേതാക്കളെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സുരേന്ദർ, ഭീകര ഫണ്ടിംഗ് നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
2022 ഓഗസ്റ്റിൽ, മൂന്ന് പ്രധാന ക്രൈം സിൻഡിക്കേറ്റുകൾക്കെതിരെ യുഎപിഎ പ്രകാരം എൻഐഎ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ സിൻഡിക്കേറ്റുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ക്രിമിനൽ ശൃംഖല വ്യാപിപ്പിക്കുകയും പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബിൽഡർ സഞ്ജയ് ബിയാനിയുടെയും പഞ്ചാബിലെ അന്താരാഷ്ട്ര കബഡി സംഘാടകനായ സന്ദീപ് നംഗൽ അംബിയയുടെയും കൊലപാതകത്തിലും ഈ സിൻഡിക്കേറ്റുകൾക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post