ശ്രീനഗർ: ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെത്തിയപ്പോൾ തന്നെ ഭീകരർ വളഞ്ഞുവെന്നും, സംസാരിച്ച ശേഷം അവർ മടങ്ങിയെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി. ഭീകരരെ അഹിംസാമാർഗ്ഗത്തിലൂടെ എങ്ങനെ നേരിടാമെന്നാണ് രാഹുൽ ഗാന്ധി പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കേംബ്രിഡ്ജ് സർവ്വകലാശാലയിൽ കേൾക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഭീകരർ എത്തിയ കഥ രാഹുൽ പറഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു കൂട്ടം ഭീകരർ തന്നെ വളഞ്ഞു. ഇതിൽ നിന്നും ഒരാൾ വന്ന് തന്നോട് സംസാരിച്ചു. ഇതെല്ലാം താൻ ശ്രദ്ധയോടെ കേട്ടു നിന്നു. ഇതിന് ശേഷം അയാൾ തിരികെ മടങ്ങി. ഭീകരർ തന്നെ വെറുതെ വിട്ടത് കേൾക്കുക എന്ന കഴിവിന്റെ ശക്തിയാണ് വ്യക്തമാക്കുന്നത്.- ഇങ്ങനെയായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ കേട്ടു നിന്നതിലൂടെ ഭീകരരെ ശാന്തരാക്കി മടക്കി അയച്ച രാഹുൽ അഹിംസ മാർഗ്ഗത്തിലൂടെ എങ്ങനെ ഭീകരരെ നേരിടാമെന്നാണ് പഠിപ്പിക്കുന്നത് എന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
ഭീകരർ വരും, രൂക്ഷമായി നോക്കും. അപ്പോൾ കേൾക്കുന്നതിന്റെ ശക്തി എന്ന പ്രതിഭാസം സംഭവിക്കും. ഇതോടെ ഭീകരർ തിരികെ മടങ്ങും. ഭീകരരെ നേരിടാനുള്ള ഏറ്റവും മികച്ച അഹിംസാമാർഗ്ഗം. ഇപ്പോഴത്തെ ഗാന്ധിജി- വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. അതേസമയം ഭീകരർ നോക്കിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വലിയ പരിഹാസമായിരുന്നു ഉയർന്നത്. ഭീകരരെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവെച്ച രാഹുലിന്റെ മൗനവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു.
Discussion about this post