കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മാരകമായ അഡിനോ വൈറസ് ബാധ പിടിമുറുക്കുന്നു. സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4 കുട്ടികൾ കഴിഞ്ഞ 6 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ച് കഴിഞ്ഞ 9 ദിവസത്തിനിടെ 40 മരണങ്ങളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്.
അഡിനോ വൈറസ് രോഗലക്ഷണങ്ങളുമായി കഴിഞ്ഞ 13 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഴുവൻ പേരും മരിച്ചു. പനി, ചുമ, ശ്വാസ തടസം തുടങ്ങിയവയായിരുന്നു പ്രധാന രോഗലക്ഷണങ്ങൾ.
രോഗബാധ മൂലമുള്ള മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ, ബംഗാൾ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജലദോഷത്തിന് സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളെ, പ്രത്യേകിച്ച് രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശിശുരോഗ വിദഗ്ധർക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
പനി, ശ്വാസ തടസം, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം, അതിവേഗം ന്യൂമോണിയ ആയി മാറുന്നു. കടുത്ത ബ്രോങ്കൈറ്റിസ് ബാധിക്കുന്നതോടെ ചികിത്സകൾ ഫലിക്കാതെ വരികയും മരണം സംഭവിക്കുകയും ചെയ്യുന്നു.
നേരിട്ടുള്ള സമ്പർക്കത്തിൽ കൂടിയും രോഗി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുക വഴി വായുവിലൂടെയും രോഗിയുടെ മലത്തിലൂടെയും വൈറസ് പകരുന്നു. ഈ രോഗത്തിന് കൃത്യമായ മരുന്നുകളോ വ്യക്തമായ ചികിത്സാ പദ്ധതികളോ നിലവിലില്ല.
Discussion about this post