മുംബൈ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണായകമായ നാലാം ടെസ്റ്റ് മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റേഡിയത്തിലെത്തും. മാർച്ച് 9 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോദിക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ഉണ്ടാകുമെന്നാണ് വിവരം.
പരമ്പരയിലെ നിർണായകമായ മത്സരം കാണാൻ പ്രധാനമന്ത്രിയും എത്തുന്നു എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ആവേശകരമായ വസ്തുതയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജയിക്കാനായി ഇരു ടീമുകളും ആഗ്രഹിക്കുമെന്നത് മത്സരത്തെ കൂടുതൽ ആവേശഭരിതമാക്കും.
മത്സരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമന്ററി പറയും എന്നും വാർത്തകൾ വരുന്നുണ്ട്. അതും കാണികൾക്ക് മറ്റൊരു പുതിയ അനുഭവമായിരിക്കും. എന്നാൽ, പ്രധാനമന്ത്രി കമൻററി പറയും എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേ സമയം പ്രധാനമന്ത്രി മോദി കളി കാണാൻ എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളിൽ സമൂലമായ മാറ്റമുണ്ടാകും. സുരക്ഷയുടെ ഭാഗമായി ടിക്കറ്റിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിവരുമെന്നതിനാൽ, മത്സരത്തിന് സ്റ്റേഡിയത്തിൽ കാണികൾ കുറയാൻ സാദ്ധ്യതയുണ്ട്.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ നിലവിൽ 2-1ന് ഇന്ത്യ മുന്നിലാണ്. നാലാം ടെസ്റ്റ് ജയിച്ചാൽ ഇന്ത്യക്ക് പരമ്പരയും ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനവും ലഭിക്കും. മത്സരം സമനിലയാകുകയോ തോൽക്കുകയോ ചെയ്താൽ, ശ്രീലങ്ക- ന്യൂസിലൻഡ് പരമ്പരയുടെ ഫലം വരുന്നത് വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വരും.
Discussion about this post