ന്യൂഡൽഹി: ഭരണത്തുടർച്ച നേടിയ ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി. മണിക് സാഹ തന്നെ രണ്ടാമതും ത്രിപുരയുടെ മുഖ്യമന്ത്രിയാകും. തിങ്കളാഴ്ച നടന്ന ബിജെപി ത്രിപുര പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് തീരുമാനം.
ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എമാർ ഏകകണ്ഠേനയാണ് മണിക് സാഹയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയും പുതിയ മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
ഒരു വർഷം മുൻപാണ്, 70 വയസ്സുകാരനായ മണിക് സാഹയെ ബിജെപി ത്രിപുര മുഖ്യമന്ത്രിയായി നിയമിച്ചത്. കേന്ദ്ര മന്ത്രിയും വനിതാ നേതാവുമായ പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, മണിക് സാഹക്ക് രണ്ടാമൂഴം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
Discussion about this post