ഇറാനിൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനികൾ വിഷവാതകം ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട സംഭവത്തിൽ ആദ്യ ഘട്ട അറസ്റ്റ് രേഖപ്പെടുത്തി ഇറാൻ. ഖുസെസ്ഥാൻ, വെസ്റ്റ് അസർബൈജാൻ, ഫാർസ്, കെർമാൻഷാ, ഖൊറസാൻ, അൽബോർസ് തുടങ്ങീ ആറ് പ്രവിശ്യകളിൽ നിന്നുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എത്ര പേരെ അറസ്റ്റ് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനെയ് ഉത്തരവിട്ടതിന് പിന്നാലയാണ് നീക്കം.
കഴിഞ്ഞ നവംബറിന് ശേഷമാണ് 5000ത്തിലധികം വിദ്യാർത്ഥിനികൾക്ക് അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിഷബാധയേറ്റത്. ഒരു വിദ്യാർത്ഥിനിയുടെ പിതാവ് ഉൾപ്പെടെ ഉള്ളവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. വിഷയത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇറാൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മാജിദ് മിറഹ്മാദി വ്യക്തമാക്കി.
ഇറാനിലെ 31 പ്രവിശ്യകളിലെ 25ലും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. സ്‌കൂൾ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ശ്വാസതടസ്സം, ഓക്കാനം, തലകറക്കം തുടങ്ങിയ അസ്വസ്ഥകൾ അനുഭവപ്പെടുകയായിരുന്നു. 230ഓളം സ്‌കൂളുകളിലെ 5000ത്തിലധികം സ്‌കൂൾ വിദ്യാർത്ഥിനികൾക്കാണ് വിഷബാധയേറ്റത്. എന്നാൽ വിദ്യാർത്ഥികളുടെ ശരീരത്തിൽ വിഷാംശമോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. വളരെ ചുരുക്കം കുട്ടികളിൽ മാത്രമാണ് ഗുരുതരമായ പ്രശ്‌നങ്ങൾ നേരിട്ടതെന്നും ഇവർ പറയുന്നു.
Discussion about this post