അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം വട്ടമാണ് മണിക് സാഹ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മണിക് സാഹയ്ക്ക് പുറമെ മറ്റ് എട്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഗർത്തലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി എസ് തമാംഗ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.
ഒൻപത് മാസം മുൻപ് ബിപ്ലബ് കുമാർ ദേബ് രാജി വച്ചതിന് പിന്നാലെയാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയുടെ ഭാഗമായ നാല് പേരെ ഇക്കുറിയും നിലനിർത്തിയിട്ടുണ്ട്. രത്തൻ ലാൽ നാഥ്, പ്രണജിത് സിംഗ് റോയ്, ശാന്തന ചക്മ, സുശാന്ത ചൗധരി എന്നിവരാണത്. ബിപ്ലബ് ദേബിന്റെ വിശ്വസ്തനായ ടിങ്കു റോയ്, ബിജെപിയുടെ പട്ടികവർഗ മോർച്ച നേതാവ് ബികാഷ് ദേബ്ബർമ, സുധാൻഷു ദാസ് തുടങ്ങിയവരാണ് മന്ത്രിസഭയിൽ പുതുതായി ഇടം പിടിച്ച മൂന്ന് പേർ
ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിക്കും ഒരു മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. ശുക്ല ചരൺ നൊയതിയ ആണ് ഐപിഎഫ്ടിയിൽ നിന്നും മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. അതേസമയം കോൺഗ്രസും സിപിഎമ്മും ചടങ്ങ് ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമങ്ങൾ കൂടിയെന്ന് ആരോപിച്ചാണ് ഇരു പാർട്ടികളും ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.








