മുംബൈ : ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിൽ 54 കോടി രൂപയുടെ ഹെറോയിൻ പിടികൂടി . കേസിൽ ഡൽഹി സ്വദേശിനിയായ ലാൽറെങ് പുയി എന്ന യുവതിയെ അറസ്റ്റ് ചെയ്തു .
ഡിആർഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഡിസ് അബാബയിൽ നിന്ന് മുംബൈയിലെത്തിയ വനിതാ യാത്രക്കാരിയെ പിടികൂടിയത്. ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഏഴുകിലോ ഹെറോയിൻ കണ്ടെത്തിയത് .പിടികൂടിയ മയക്കുമരുന്ന് ഉയർന്ന നിലവാരമുള്ളതും അന്താരാഷ്ട്ര വിപണിയിൽ 54 കോടി രൂപ വിലമതിക്കുന്നതും ആണ്.
മയക്കുമരുന്ന് കടത്തുന്നതിന് യുവതിക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു പ്രതിഫലമായി നിശ്ചയിച്ചിരുന്നത് . ഡൽഹിയിൽ നിന്നുള്ള ഒരു വിദേശ വനിതയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. യുവതിയുടെ വിമാന ടിക്കറ്റും വിദേശത്ത് തങ്ങാനുള്ള സൗകര്യവും ഇവർ ചെയ്തുകൊടുത്തിരുന്നു. ഈ വിദേശ വനിതയ്ക്കായി ഡിആർഐ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണ്. ഡിസംബർ മാസത്തിൽ ഡൽഹിയിൽ വച്ചാണ് വിദേശ വനിതയെ ലാൽറെങ് പുയി പരിചയപ്പെട്ടത് .
സാംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയാൽ പണം നൽകാമെന്ന് ഇവർ യുവതിയോട് പറഞ്ഞു . സാംബിയയിൽ എത്തിയ യുവതിയ്ക്ക് വിദേശവനിത ഒരു ട്രോളി ബാഗ് നൽകി. ബാഗുമായി വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് യുവതിയെ ഡിആർഐ അറസ്റ്റ് ചെയ്തത്.
Discussion about this post