ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ പ്രാർത്ഥനാ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഹാംബർഗിലെ ജഹോവ ദേവാലയത്തിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആക്രമണുണ്ടായത്. വെടിവച്ചയാളും കൊല്ലപ്പെട്ടവരിൽ ഉള്‍പ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. 12 തവണ വെടിയൊച്ച കേട്ടതായി സാക്ഷികള്‍ പറയുന്നു.
യഹോവ സാക്ഷികളുടെ പള്ളിയിലായിരുന്നു വെടിവയ്പ്പ്. ഗ്രോസ്‌ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗ് സ്ട്രീറ്റിലാണ് ആക്രമണം നടന്ന പള്ളി. വെടിവയ്പ്പിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവരില്‍ 17 പേര്‍ പരുക്കൊന്നുമില്ലാതെ രക്ഷപെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മരണസംഖ്യ എത്രയെന്ന് ഔദ്യോഗികമായി പോലീസ് പുറത്ത് വിട്ടിട്ടില്ല.
ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് അറിയിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകളിലെല്ലാം കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
വെടിവയ്പ്പിന്റെ കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൂന്നു നില കെട്ടിടത്തില്‍ ആഴ്ചയില്‍ പതിവുള്ള ബൈബിള്‍ പഠനത്തിനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ജര്‍മനിയില്‍ ആകെയുള്ള 1.75 ലക്ഷം യഹോവ സാക്ഷികളില്‍ ഹാംബര്‍ഗില്‍ മാത്രം 3800 പേരാണുള്ളത്.
Discussion about this post